പുതിയ സിബിഐ മേധാവിയെ ഇന്ന് തീരുമാനിക്കും; വനിതയും പരിഗണനയില്‍

മധ്യപ്രദേശ് കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ റിന മിത്രയാണ് പരിഗണന പട്ടികയിലുള്ള പേരുകളില്‍ ഏറ്റവും സാധ്യതയുള്ള വനിത.

പുതിയ സിബിഐ മേധാവിയെ ഇന്ന് തീരുമാനിക്കും; വനിതയും പരിഗണനയില്‍

ന്യൂഡല്‍ഹി: വിവാദത്തില്‍ ആടിയുലയുന്നതിനിടെ, ഇന്ത്യയിലെ ആഭ്യന്തര കുറ്റാന്വേഷണ ഏജന്‍സി സിബിഐയുടെ പുതിയ മേധാവിയെ ഇന്ന് തിരഞ്ഞെടുത്തേക്കും. 56 വര്‍ഷം പിന്നിട്ട ഏജന്‍സിയില്‍ ഡയറക്ടര്‍ സ്ഥാനത്തു ആദ്യമായി ഒരു വനിത വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മധ്യപ്രദേശ് കേഡറിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ റിന മിത്രയാണ് പരിഗണന പട്ടികയിലുള്ള പേരുകളില്‍ ഏറ്റവും സാധ്യതയുള്ള വനിത.

പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ ഉന്നതാധികാര സമിതി ഇന്നു വൈകിട്ട് ആറോടെ യോഗം ചേരുമെന്നറിയുന്നു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. കഴിഞ്ഞ 24നു നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പരിഗണനാ പട്ടികയിലുള്ളവരെ സംബന്ധിച്ച ആവശ്യ വിവരങ്ങള്‍ ലഭ്യമാക്കിയില്ലെന്നു ഖര്‍ഗെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു യോഗം മാറ്റിയത്.

പഴ്‌സനല്‍ മന്ത്രാലയം തയാറാക്കിയ 12 അംഗ ചുരുക്കപട്ടികയിലും റിനയുടെ പേരുള്‍പ്പെട്ടിരുന്നു. ബംഗാളില്‍ വേരുകളുള്ള റിന, 1983 ബാച്ച് ഉദ്യോഗസ്ഥയാണ്. നിലവില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള സ്‌പെഷല്‍ സെക്രട്ടറി പദവിയിലാണ്.

RELATED STORIES

Share it
Top