'താഹയും അലനും ചായ കുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതല്ല'; പിണറായിയുടെ പഴയ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
യുഎപിഎ നിയമത്തിനെതിരേ നിലപാട് സ്വീകരിച്ച സിപിഎം അധികാരത്തില്‍ ഉള്ള കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലും ഈ നിയമം ചുമത്തുന്ന നടപടിക്കെതിരേ സാംസ്കാരികരാഷ്ട്രീയ മേഖലകളിലുള്ള നിരവധി ആളുകള്‍ രംഗത്തെത്തി.

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ശുഹൈബിനും താഹ ഫസലിനുമെതിരേ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതോടെ യുഎപിഎ കേസുകളിലുള്ള സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാക്കി സാമൂഹിക മാധ്യമങ്ങളും പൊതു പ്രവര്‍ത്തകരും. കേസിന്റെ അന്വേഷണ ഘട്ടത്തില്‍ തന്നെ താഹക്കും അലനുമെതിരേ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ നടപടി ശരിയാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി 2020ല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സമയമാകുമ്പോള്‍ അവര്‍ ചെയ്ത കുറ്റത്തെ കുറിച്ച് വിശദമായി പറയാമെന്നും മുഖ്യമന്ത്രി അന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
'അവരെന്തോ പരിശുദ്ധന്മാരാണ് , ഒരു തെറ്റും ചെയ്യാത്തവരാണ്, ചായകുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന തരത്തില്‍ ധാരണ വേണ്ട'. സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് എല്ലാവരും കരുതുന്നത്, അങ്ങനെ പറയാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അന്ന് പറഞ്ഞു.
യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ പോലിസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനം പോലിസിനും ആഭ്യന്തര വകുപ്പിനും എതിരെ ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങള്‍. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ശുഹൈബിനും താഹ ഫസലിനുമെതിരേ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാകില്ല. മാവോവാദി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍കുകയുള്ളുവെന്നും സുപ്രിംകോടതി വ്യക്തമാക്കി.
താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രിംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം. അലന് ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രിംകോടതി തള്ളി.
ചെറുപ്പക്കാരായ അലനും, താഹയും മാവോവാദി ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കാം. അതിനാല്‍ അവരുടെ പക്കല്‍ മാവോവാദി അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് മാവോവാദി സംഘടനയുടെ പ്രവര്‍ത്തനം ആണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ശ്രീനിവാസ് ഓക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
2020 സെപ്തംബറില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലന് ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യമാണ് സുപ്രിംകോടതി തള്ളിയത്. വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
2019 നവംബര്‍ ഒന്നിനായിരുന്നു നിയമ വിദ്യാര്‍ത്ഥിയായ അലന് ശുഹൈബിനെയും ജേര്‍ണലിസം വിദ്യാര്‍ത്ഥി താഹ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവരും രഹസ്യമായി മാവോവാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
അലന്റെയും താഹയുടെയും അറസ്റ്റ് കേരളത്തില്‍ വ്യാപകമായ രീതിയില്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. യുഎപിഎ നിയമത്തിനെതിരേ നിലപാട് സ്വീകരിച്ച സിപിഎം അധികാരത്തില്‍ ഉള്ള കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലും ഈ നിയമം ചുമത്തുന്ന നടപടിക്കെതിരേ സാംസ്കാരികരാഷ്ട്രീയ മേഖലകളിലുള്ള നിരവധി ആളുകള്‍ രംഗത്തെത്തി. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം അടക്കം വിയോജിപ്പ് അറിയിച്ചെങ്കിലും അലനും താഹയും മാവോവാദി പ്രവര്‍ത്തകര്‍ ആണെന്നും ചായ കുടിക്കാന്‍ പോയതിനല്ല അവരെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.
RELATED STORIES
പൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMTഅനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്...
19 May 2022 7:24 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMTപോലിസുകാർ പന്നികെണിയിൽ കുടുങ്ങിയത് കണ്ടു; കൃത്യം വിവരിച്ച് പിടിയിലായവർ
19 May 2022 5:29 PM GMT