Sub Lead

നികുതി വെട്ടിക്കാന്‍ ചൈനയിലേക്ക് കടത്തിയത് 62,476 കോടി; വിവോയുടെ 465 കോടി രൂപ ഇഡി കണ്ടുകെട്ടി

നികുതി വെട്ടിക്കാന്‍ ചൈനയിലേക്ക് കടത്തിയത് 62,476 കോടി; വിവോയുടെ 465 കോടി രൂപ ഇഡി കണ്ടുകെട്ടി
X

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 119 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണമാണ് കണ്ടുകെട്ടിയത്. വിവോയ്ക്കും അനുബന്ധ കമ്പനികള്‍ക്കുമെതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. രണ്ടുകിലോ സ്വര്‍ണ ബിസ്‌കറ്റും 73 ലക്ഷം രൂപയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. രണ്ടുദിവസം മുമ്പ് വിവോ ഓഫിസുകളില്‍ ഇഡി നടത്തിയ റെയ്ഡുകളിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. സാമ്പത്തിക തട്ടിപ്പ് കണ്ടെത്തുന്നതിന് വിവോയും അനുബന്ധ കമ്പനികളുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ 44 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

വരുമാനം കുറച്ചുകാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി റെയ്ഡ് നടത്തിയതോടെയാണ് വിവരങ്ങള്‍ കണ്ടെത്തിയത്. നികുതി വെട്ടിക്കുന്നതിന് ആകെ വരുമാനത്തിന്റെ 50 ശതമാനം വിവോ ചൈനയിലേക്ക് മാറ്റിയെന്ന് ഇഡി വ്യക്തമാക്കി. 62,476 കോടി രൂപയാണ് ഇത്തരത്തില്‍ ചൈനയിലേക്ക് കടത്തിയത്. തുടര്‍ന്നാണ് 465 കോടി രൂപ മൂല്യം വരുന്ന വിവോയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്.

വിവോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ നിരീക്ഷണത്തിലാണെന്നും ഇഡി അറിയിച്ചു. ചൈനീസ് പൗരന്‍മാരുള്‍പ്പടെയുള്ള വിവോയിലെ പല ജീവനക്കാരും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇഡി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നല്‍കിയെന്നും അന്വേഷണവുമായി സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിവോ കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. വിവോ ഉദ്യോഗസ്ഥര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് ഇഡി പറയുന്നു. പരാമര്‍ശിച്ച വിലാസങ്ങള്‍ അവരുടേതല്ല. എന്നാല്‍, വാസ്തവത്തില്‍ ഇതൊരു സര്‍ക്കാര്‍ കെട്ടിടവും മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വീടുമായിരുന്നു- ഇഡി കൂട്ടിച്ചേര്‍ത്തു. 15 ശതമാനം വിപണി വിഹിതമുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നാണ് വിവോ.

Next Story

RELATED STORIES

Share it