Sub Lead

ഇന്ധന നികുതി കൂട്ടി വരുമാനം ഇരട്ടിയാക്കിയ കേന്ദ്ര സർക്കാർ ഇപ്പോൾ കുറച്ചത് തുച്ഛമായ തുക മാത്രം

ഡീസലിന് 2014ലെ നികുതി 3 രൂപ 56 പൈസ. ഇപ്പോൾ പത്തു രൂപ കുറച്ചിട്ടും 21 രൂപ എൺപത് പൈസ. അതായത് എൻഡിഎ കാലത്തെ ഉയർച്ച ഇപ്പോഴത്തെ കണക്കു നോക്കിയാലും എഴിരട്ടി.

ഇന്ധന നികുതി കൂട്ടി വരുമാനം ഇരട്ടിയാക്കിയ കേന്ദ്ര സർക്കാർ ഇപ്പോൾ കുറച്ചത് തുച്ഛമായ തുക മാത്രം
X

ന്യൂഡൽഹി: കേന്ദ്രം പ്രഖ്യാപിച്ച ഇന്ധന എക്സൈസ് തീരുവയിലെ ഇളവിന് ശേഷവും പെട്രോളിൻ്റെയും ഡീസലിൻ്റെയും നികുതി 2014ൽ എൻഡിഎ അധികാരത്തിൽ വന്ന സമയത്തുണ്ടായിരുന്നതിൻ്റെ മൂന്നിരട്ടിയായി തുടരുകയാണ്. കേന്ദ്രം മുപ്പതു രൂപയിൽ കൂടുതൽ നികുതി പിരിച്ചപ്പോൾ സംസ്ഥാനങ്ങൾക്ക് ഇതിൽ നിന്ന് നൽകിയിരുന്ന വിഹിതം ഒരു രൂപയിൽ താഴെ മാത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാത്ത സെസായാണ് കൂടുതൽ നികുതിയും കേന്ദ്രം പിരിച്ചത്.

പെട്രോളിനും ഡീസലിനും നികുതി കുത്തനെ കൂട്ടിയാണ് കഴിഞ്ഞ ഏഴു വർഷവും എൻഡിഎ സർക്കാർ എല്ലാ പദ്ധതികളുടെയും പണം കണ്ടെത്തിയത്. എൻഡിഎ അധികാരത്തിൽ എത്തിയപ്പോൾ പെട്രോളിന് എക്സൈസ് നികുതി ഒമ്പത് രൂപ നാല്പത്തിയെട്ട് പൈസയായിരുന്നു ഇത് 32.90 പൈസയായിയിരുന്നു ഇന്നലെ വരെ. അഞ്ചു രൂപ ഇന്നലെ കുറഞ്ഞപ്പോൾ ഇത് 27.90 പൈസയായി. അതായത് ഇപ്പോഴും എൻഡിഎ അധികാരത്തിൽ എത്തിയപ്പോഴുണ്ടായിരുന്ന നിരക്കിൻറെ മൂന്നിരട്ടിയാണ് എക്സൈസ് തിരുവ.

ഡീസലിന് 2014ലെ നികുതി 3 രൂപ 56 പൈസ. ഇപ്പോൾ പത്തു രൂപ കുറച്ചിട്ടും 21 രൂപ എൺപത് പൈസ. അതായത് എൻഡിഎ കാലത്തെ ഉയർച്ച ഇപ്പോഴത്തെ കണക്കു നോക്കിയാലും എഴിരട്ടി.

ഇന്ധന എക്സൈസ് തീരുവ 32 രൂപ തൊണ്ണൂറ് പൈസ കേന്ദ്രം ഈടാക്കുമ്പോൾ ലഭിക്കുന്ന തുകയുടെ വിഹിതം ഇങ്ങനെയാണ്.

അടിസ്ഥാന എക്സൈസ് തീരുവ 1രൂപ 40 പൈസ

പ്രത്യേക എക്സൈസ് ഡ്യൂട്ടി 11 രൂപ

അടിസ്ഥാനസൗകര്യ, കാർഷിക സെസുകൾ 20 രൂപ 50 പൈസ

ഡീസലിന് അടിസ്ഥാന തീരുവ 1രൂപ 80 പൈസ

പ്രത്യേക നികുതിയും സെസും 30 രൂപ

ഇതിൽ പ്രത്യേക നികുതി, സെസ് എന്നിവയിലൂടെ കിട്ടുന്ന തുക സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ല. അതായത് പെട്രോളിൻ്റെ അടിസ്ഥാന നികുതിയായ 1 രൂപ 40 പൈസയും ഡിസലിൻറെ 1 രൂപ എൺപത് പൈസയും മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കു വച്ചിരുന്നത്.

ധനകാര്യ കമ്മീഷൻ റിപോർട്ട് അനുസരിച്ച് കേന്ദ്ര നികുതിയുടെ 41 ശതമാനം ആണ് സംസ്ഥാന വിഹിതം. അതായത് 33 രൂപ പെട്രോളിന് പിരിച്ച കേന്ദ്രം വെറും 74 പൈസയാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കേണ്ടതില്ലാത്ത ഈ സെസ് വഴി കേന്ദ്രം പിരിച്ചത് 4,44, 850 കോടി. 2017-18ൽ പിരിച്ച രണ്ടു ലക്ഷം കോടിയുടെ ഇരട്ടിയിലധികം. ആ ഇരട്ടി വരുമാനത്തിൽ കുറച്ച് വേണ്ടെന്നു വയ്ക്കാൻ മാത്രമാണ് ഇപ്പോഴത്തെ തീരുമാനം.

കേന്ദ്ര സർക്കാർ കുറച്ച എക്സൈസ് തീരുവയുടെ ശതമാനകണക്കിൽ കേരളം വാറ്റ് നികുതി കുറച്ചാൽ, ഡീസലിന് അഞ്ച് രൂപയും പെട്രോളിന് 3 രൂപ 20 പൈസയും കുറയും. ഡീസലിന്റെ എക്സൈസ് തീരുവ 31 രൂപ 80 പൈസ ആയിരുന്നു. അതിൽ നിന്നാണ് കേന്ദ്രം പത്ത് രൂപ കുറച്ചത്. പെട്രോളിൻ്റെ തീരുവ 32 രൂപ 90 പൈസ. ഇതിൽ തന്നെ വിവിധ സംസ്ഥാനങ്ങൾ വാറ്റ് നികുതി കുറച്ചത് പല രീതിയിലാണ്. കേരളത്തിൽ ആകെയുണ്ടായത്, ആനുപാതികമായ കുറവ് മാത്രം. ഡീസലിന് രണ്ട് രൂപ 27 പൈസയും പെട്രോളിന് 1 രൂപ 30 പൈസയുമാണ് കേരളത്തിൽ കുറഞ്ഞത്.

കഴിഞ്ഞ ആഴ്ച്ചകളിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ പരാജയവും വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ് ഇന്ധന നികുതി വഴി ലഭിക്കുന്ന ഭീമമായ വരുമാനത്തിൽ ചെറിയൊരു ശതമാനം വേണ്ടെന്നു വയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് ശരിവയ്ക്കുന്ന നിലപാടുകളാണ് ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാന സർക്കാരുകളിൽ നിന്ന് ഇന്ന് ഉണ്ടായിരിക്കുന്നത്.


Next Story

RELATED STORIES

Share it