Sub Lead

വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങളും സൈനിക കപ്പലുകളും ഇന്ന് മുതല്‍ രാജ്യത്ത് എത്തിതുടങ്ങും.

വിദേശത്തുള്ള കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
X

ന്യൂഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍ധനരായ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങളും സൈനിക കപ്പലുകളും ഇന്ന് മുതല്‍ രാജ്യത്ത് എത്തിതുടങ്ങും. എന്നാല്‍ സൗജന്യമായി ആരെയും നാട്ടില്‍ തിരികെയെത്തിക്കില്ലെന്നും വിമാന ടിക്കറ്റ് തുക പ്രവാസികള്‍ നല്‍കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവില്‍ ആവശ്യപ്പെടുന്നു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാലും, കൊവിഡിനെ തുടര്‍ന്ന് രാജ്യങ്ങള്‍ പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനാലും മാസങ്ങള്‍ക്ക് മുന്‍പ്തന്നെ ജോലി നഷ്ട്ടപ്പെട്ട് വിദേശത്ത് കഷ്ടത അനുഭവിക്കുന്ന ഇന്ത്യന്‍ കുടിയേറ്റക്കാരെ സബന്ധിച്ച് വിമാന ടിക്കറ്റിന് തുക നല്‍കി നാട്ടിലേക്ക് തിരിച്ചുവരുന്നത് നിലവില്‍ സാധ്യമല്ല.

ഈ സാഹചര്യത്തിലാണ് വിദേശത്ത് കുടുങ്ങി കിടക്കുന്ന നിര്‍ധനരായ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര വിദേശകാര്യ മന്ദ്രാലയത്തിന് നിവേദനം നലകിയിരുന്നു. എന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

അടിയന്തര ഘട്ടത്തില്‍ പ്രവാസി ഇന്ത്യക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിന് രൂപം നല്‍കിയത്. നിരാലംബരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ്, ജയിലുകളിലും മറ്റും കഴിയുന്നവര്‍ക്ക് നിയമ സഹായം, വിസ തട്ടിപ്പുകളിലും മറ്റും വഞ്ചിക്കപ്പെട്ടവര്‍ക്കുള്ള സാമ്പത്തിക സഹായം, അത്യാഹിത ചികിത്സ സഹായം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകല്‍ തുടങ്ങിയവക്കാണ് ഫണ്ട് വഴി സഹായം നല്‍കി വരുന്നത്. ഇന്ത്യന്‍ എംബസികളുടെ വിവിധ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനുവേണ്ടി പ്രവാസി ഇന്ത്യക്കാര്‍ നല്‍കുന്ന പണത്തില്‍ നിന്ന് വക നീക്കിയാണ് ഈ ഫണ്ട് കണ്ടെത്തുന്നത്.

Next Story

RELATED STORIES

Share it