Sub Lead

ശമ്പളം തരൂ അല്ലെങ്കില്‍ സ്‌കൂളുകള്‍ ഡല്‍ഹി സര്‍ക്കാരിന് കൈമാറൂ; ബിജെപിയോട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അധ്യാപകര്‍

മാസങ്ങളായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ബിജെപി ഭരണത്തിലുള്ള ഡല്‍ഹി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (എന്‍ഡിഎംസി) അധ്യാപകര്‍.

ശമ്പളം തരൂ അല്ലെങ്കില്‍ സ്‌കൂളുകള്‍ ഡല്‍ഹി സര്‍ക്കാരിന് കൈമാറൂ; ബിജെപിയോട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അധ്യാപകര്‍
X

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് ശമ്പളം തരികയോ അല്ലെങ്കില്‍ സ്‌കൂളുകള്‍ ഡല്‍ഹി സര്‍ക്കാരിന് കൈമാറുകയോ ചെയ്യണമെന്ന് ബിജെപിയോട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ അധ്യാപകര്‍. മാസങ്ങളായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ബിജെപി ഭരണത്തിലുള്ള ഡല്‍ഹി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ (എന്‍ഡിഎംസി) അധ്യാപകര്‍. എണ്ണായിരത്തോളം വരുന്ന അധ്യാപകര്‍ക്ക് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം വല്ലപ്പോഴും മാത്രം ലഭിക്കുന്നതും ബോണസും കുടിശ്ശികയും നിഷേധിക്കുന്നതും തങ്ങളെ ഏറെ വലക്കുന്നതായും നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്നതായും അധ്യാപകര്‍ പരിതപിക്കുന്നു. ബിജെപി ഭരിക്കുന്ന ഡല്‍ഹിയിലെ മൂന്നു മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കമ്മി ബജറ്റാണ്. 765 സ്‌കൂളുകളും 8000 അധ്യാപകരും 2.9 ലക്ഷം െ്രെപമറി വിദ്യാര്‍ത്ഥികളുമുള്ള എന്‍ഡിഎംസിയാണ് ഇതിലെ ഏറ്റവും വലിയ മേഖല.

നാലുവര്‍ഷമായി തങ്ങള്‍ ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. പലപ്പോഴും ആറു മാസം വരെ തങ്ങളുടെ ശമ്പളം തടഞ്ഞുവയ്ക്കുകയാണ്. നിലവില്‍ ശമ്പളം ലഭിച്ചിട്ട് മൂന്നു മാസം പിന്നിട്ടു. മൂന്നുമാസം ശമ്പളം ലഭിക്കാതെ ഒരാള്‍ക്ക് എങ്ങിനെയാണ് അവരുടെ വീട്ടുകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവാനാവുക-ശിക്ഷാ നയേ മഞ്ച് ചെയര്‍പേഴ്‌സണ്‍ കുല്‍ദീപ് ഖത്രി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ ശാഹീന്‍ ബാഗും ബിരിയാണിയും 'തുക്‌ഡെ തുക്‌ഡെ ഗ്യാങു'കളും പരാമര്‍ശിക്കുമ്പോള്‍ തങ്ങളെ അവഗണിക്കുകയാണെന്ന് എന്‍ഡിഎംസി അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു.

ശമ്പളം വൈകുന്നതിനാല്‍ തങ്ങള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി എന്‍ഡിഎംസിയില്‍ കഴിഞ്ഞ 25 വര്‍ഷമായി അധ്യാപകനായി ജോലി ചെയ്യുന്ന പങ്കജ് സിംഗ് ദി ക്വിന്റിനോട് പറഞ്ഞു. താന്‍ ഒരു സ്ഥലം വാങ്ങിയിരുന്നു. പ്രതിമാസ തവണകള്‍ അടയ്ക്കാനാവാതെ തനിക്ക് തന്റെ ഗ്രാമത്തിലുണ്ടായിരുന്ന ഭൂമി വില്‍ക്കേണ്ടിവന്നതായും പങ്കജ് സിംഗ് പറയുന്നു. ചില ബാങ്കുകള്‍ എന്‍ഡിഎംസിയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. കൃത്യമായി ശമ്പളം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി തന്റെ സഹ പ്രവര്‍ത്തകന്റെ വായ്പ അപേക്ഷ ബാങ്ക് നിരസിച്ചതായി അധ്യാപകനായ മുകേഷ് ഝാ പറയുന്നു. എയര്‍ ഇന്ത്യയെ കരിമ്പട്ടികയില്‍ പെടുത്തിയതു പോലെ എന്‍ഡിഎംസിയെയും കരിമ്പട്ടികയിലാണെന്നാണ് അദ്ദേഹത്തോട് ബാങ്ക് അധികൃതര്‍ പറഞ്ഞത്.

ശമ്പളമില്ലാത്തതുമൂലമുള്ള പ്രശ്‌നങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നതായും ഇത് അധ്യാപനത്തെ പോലും പ്രതികൂലമായി ബാധിക്കുന്നതായും അധ്യാപകര്‍ വ്യക്തമാക്കുന്നു. ശമ്പളം ലഭിക്കുന്നതിനായി ജനുവരി 28 മുതല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ (എംസിഡി) അധ്യാപകര്‍ പ്രക്ഷോഭ പാതയിലാണ്. കൈകളില്‍ കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഇവര്‍ അധ്യാപനം നടത്തിവരുന്നത്. ശിക്ഷ സമിതി മഞ്ചിന്റെ കീഴില്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രതിഷേധങ്ങള്‍ക്കും പണിമുടക്കുകള്‍ക്കും ഹൈക്കോടതി ഇടപെടലിനും ശേഷവും തങ്ങളുടെ ദുരിതം തുടരുന്നതില്‍ അധ്യാപകര്‍ അസ്വസ്ഥരാണ്.

എംസിഡികളുടെ ചുമതലയുള്ള ബിജെപി, ആംആദ്മി സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. തങ്ങള്‍ക്കവര്‍ ഫണ്ട് നല്‍കുന്നില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍, എംസിഡികള്‍ക്കുള്ള കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണ് ഫണ്ട് നല്‍കാനാവാത്തതെന്ന് ആംആദ്മിയും പറയുന്നു. 2001 മുതല്‍ 325 കോടി രൂപയായി തുടരുന്ന ബജറ്റില്‍ വിഹിതം ഉയര്‍ത്തണമെന്നും ആം ആദ്മി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ആരോപണ പ്രത്യാരോപണങ്ങളുമായി ആംആദ്മി-ബിജെപി സര്‍ക്കാരുകള്‍ മുന്നോട്ട് പോവുമ്പോള്‍ എന്‍ഡിഎംസിയിലെ 8,000 ത്തോളം അധ്യാപകരാണ് ദുരിതക്കടലിലേക്ക് എടുത്തെറിയപ്പെട്ടത്.'തങ്ങള്‍ ദില്ലി പൗരന്മാരല്ലേ? തങ്ങളുടെ കുട്ടികള്‍ ദില്ലി നിവാസികളല്ലേ? എന്നാണ് ശിക്ഷാ നയാ മഞ്ച് ചെയര്‍പേഴ്‌സണ്‍ കുല്‍ദീപ് ഖത്രി ചോദിക്കുന്നത്. എംസിഡിയുടെ ചെലവ് ബിജെപിക്ക് വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ അത് ദില്ലി സര്‍ക്കാരിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it