Sub Lead

ഭയരഹിതമായി പൗരാവകാശ സംരക്ഷണത്തിനായി പൊരുതണം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

കശ്മീരികള്‍ പൗരന്‍മാരാണ് എന്ന പ്രമേയത്തില്‍ പൗരാവകാശ സംരക്ഷണ സമിതി കൊല്ലം പീരങ്കി മൈതാനായില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭയരഹിതമായി പൗരാവകാശ സംരക്ഷണത്തിനായി പൊരുതണം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി
X

കൊല്ലം: ഭയത്തിന്റെ രാഷ്ട്രീയം രാജ്യത്ത് വളര്‍ത്താന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ഭയരഹിതമായി പൗരാവകാശ സംരക്ഷണത്തിനായി പൊരുതാന്‍ പൗരസമൂഹം തയ്യാറാവണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയത്തിന്റെ ഭാഗമാണ് കശ്മീര്‍ വിഭജനമെന്നും ഇത് സുപ്രിം കോടതി തന്നെ അസാധുവായി പ്രഖ്യാപിക്കാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരികള്‍ പൗരന്‍മാരാണ് എന്ന പ്രമേയത്തില്‍ പൗരാവകാശ സംരക്ഷണ സമിതി കൊല്ലം പീരങ്കി മൈതാനായില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ നിയമ സഭയുടെ അംഗീകാരമില്ലാതെ കശ്മീരില്‍ ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അനുമതിയില്ലാതിരിക്കെ രാഷ്ട്രപതിയുടെ ഭേഗഗതിയിലൂടെ മാത്രമാണ് കശ്മീര്‍ വിഭജനം നടപ്പാക്കിയത് നിയമവിദഗ്ദരെ പോലും അല്‍ഭുതപ്പെടുത്തി. തുടക്കത്തില്‍ തന്നെ ഇത് അസാധുവാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താതെ മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയത്.

ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അജണ്ട നല്‍കുകയോ നടപടി ക്രമങ്ങള്‍ പാലിക്കുകയോ ചെയ്തില്ല. പിന്നീട് അജണ്ടയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ ബി.ജെ.പി സര്‍ക്കാര്‍ കശാപ്പ് ചെയ്യുകയാണ്. ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് ബി.ജെ.പിക്ക്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരെ വിവിധ ഏജന്‍സികളെ കൊണ്ട് പിടികൂടി കീഴ്‌പ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. അങ്ങനെയാണ് രാജ്യസഭയില്‍ മോദി സര്‍ക്കാര്‍ ഭൂരിപക്ഷമുണ്ടാക്കിയത്. ഭയത്തിന്റെ രാഷ്ട്രീയം വളര്‍ത്തിയെടുത്ത് തങ്ങള്‍ക്ക് ഇഷ്ടമുള്ള അജണ്ട നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍. കാര്യമായ ചര്‍ച്ച പോലും നടത്താതെ സുപ്രധാനമായ 35ഓളം നിയമങ്ങളാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയെടുത്തത്. വിവരാവകാശ കമ്മിഷന്റെ ചിറകരിഞ്ഞതും യു.എ.പി.എ ഭേദഗതി ബില്ലും മുത്വലാഖ് ബില്ലുമെല്ലാം ഇതിന് ഉദാഹരണമാണ്.

ഗൗരവത്തോടയും ദേശതാല്‍പ്പര്യം സംരക്ഷിച്ചും പരിഹരിക്കേണ്ട വിഷയമാണ് ജമ്മു കാശ്മീര്‍. എന്നാല്‍ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള വിഷയമായി കശ്മീരിനെ മാറ്റി രാജ്യത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഒരു പ്രത്യേക സമൂഹത്തെയാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. വര്‍ഗ്ഗീയ ധ്രവീകരണത്തിലൂടെ അധികാരം നിലനാര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ കശ്മീര്‍ സന്ദര്‍ശിച്ച് മടങ്ങിയതോടെ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥന്റെ ആവശ്യമില്ലെന്ന മോദിയുടെ നിലപാട് അപ്രസക്തമായിരിക്കുന്നുവെന്നും എം.പി പറഞ്ഞു. െ്രെകസ്തവ ആരാധനാലയങ്ങള്‍ ഭീഷണയിലാണ്. ഇന്നു സുരക്ഷിതമെന്നു കരുതുന്ന പല സമുദായങ്ങളും ആര്‍.എസ്.എസ് ഭരണത്തില്‍ സുരക്ഷിതമായിരിക്കില്ല എന്നു തിരിച്ചറിയണമെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച പൗരാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയോടോ ജനാധിപത്യത്തോടോ മതേതരത്വത്തോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തു മുഴുവന്‍ നടപ്പാക്കാനുള്ള കുടില നീക്കങ്ങളുടെ ഭാഗമാണിതെന്ന് കെ സോമപ്രസാദ് എം.പി വ്യക്തമാക്കി. അസിഷ്ണുതയുടെ രാഷ്ട്രീയത്തെ തടുത്തുനിര്‍ത്താന്‍ ഏവരും ഐക്യപ്പെടേണ്ട സാഹചര്യമാണിതെന്ന് ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനിരയാവുന്നു എന്നതാണ് രാജ്യത്തെ പൗരന്മാര്‍ നേരിടുന്ന പ്രതിസന്ധിയെന്ന് എം നൗഷാദ് എം.എല്‍.എ പറഞ്ഞു.

കൊല്ലം രൂപതാ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി, കോര്‍പറേഷന്‍ മേയര്‍ വി രാജേന്ദ്രബാബു, മുന്‍ എം.എല്‍.എ ഡോ.യൂനുസ്‌കുഞ്ഞ് , കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എ.കെ ഹഫീസ്, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ഡോ.കെ രാമഭദ്രന്‍, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ്, ഐ.എന്‍.എല്‍ ദേശീയ ഖജാഞ്ചി എ അമീന്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, പി.ഡി.പി. സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് നദ്വി,ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ചല്‍ ഇബ്രാഹീം, മെക്ക സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം അബ്ദുല്‍ലത്തീഫ്, പ്രഫ. ജി മോഹന്‍ദാസ്, മുസ്ലിം ഐക്യവേദി പ്രസിഡന്റ് ആസാദ് റഹിം, എം.ഇ.എസ് ജില്ലാ സെക്രട്ടറി നിസാം കണ്ണനല്ലൂര്‍, എസ് സുവര്‍ണകുമാര്‍, തുളസീധരന്‍ പള്ളിക്കല്‍, റിട്ട.ഡെപ്യൂട്ടി കളക്ടര്‍ സലിം രാജ് പുനലൂര്‍സ ജമാഅത്ത് യൂനിയന്‍ കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് വല്യത്ത് ഇബ്രാഹിം കുട്ടി, റിട്ട.ഐ.പി.എസ് എം അബ്ദുല്‍ വഹാബ്, കെ.എ ഇര്‍ഷാദുല്‍ ഖാദിരി, എസ് നാസറുദ്ദീന്‍, എം.എ സമദ്, അല്‍മനാര്‍ അബ്ദുല്‍ അസീസ്, ജെ.എം അസ്ലം, ജോണ്‍സണ്‍ കണ്ടച്ചിറ, അയത്തില്‍ റിയാസ്, കുറ്റിയില്‍ നിസാം, സൈനുദ്ദീന്‍ ആദിനാട് സംസാരിച്ചു. പൗരാവകാശ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍മാരായ റോയ് അറയ്ക്കല്‍, നാസിമുദ്ദീന്‍ കൊല്ലൂര്‍വിള സംസാരിച്ചു.

Next Story

RELATED STORIES

Share it