Sub Lead

അംഗത്തിന് അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

അംഗത്തിന് അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ല; തിരഞ്ഞെടുപ്പ് കമ്മീഷണര്‍
X

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപ്പഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. തുടര്‍ച്ചയായി മൂന്നുമാസത്തിനുള്ളിലെ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടപ്പെടുമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം ബന്ധപ്പെട്ട അംഗത്തിനെ കൃത്യമായി അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്. പരാതിയുണ്ടെങ്കില്‍ അംഗത്തിന് കാര്യകാരണസഹിതം ബന്ധപ്പെട്ട ഭരണസമിതിക്ക് 15 ദിവസത്തിനുള്ളില്‍ അംഗത്വം പുനസ്ഥാപിക്കുന്നതിന് വിശദീകരണം നല്‍കാം.

അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രേഖകള്‍ സഹിതം ഹരജി ഫയല്‍ ചെയ്യാമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. നിലവിലുള്ള നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായി നടത്തിയ സമഗ്ര ഓണ്‍ലൈന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് കമ്മീഷണര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക കുറ്റമറ്റതാക്കി സൂക്ഷിക്കല്‍, പഞ്ചായത്ത് സമിതി, സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങള്‍, ഗ്രാമസഭാ യോഗങ്ങള്‍ സംബന്ധിച്ച രേഖകള്‍ വീഴ്ച കൂടാതെ കൈകാര്യം ചെയ്യുന്നതിനും പഞ്ചായത്ത് സെക്രട്ടറിമാര്‍ സൂക്ഷ്മത പുലര്‍ത്തണം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പരമാവധി പരിശീലന പരിപാടികള്‍ ഓണ്‍ലൈനായി നടത്തും. വിദഗ്ധര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടിയില്‍ സംശയനിവാരണത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ ക്രോഡീകരിച്ച ഇലക്ഷന്‍ ഗൈഡ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി ഇവയുടെ മൊബൈല്‍ ആപ്പുകള്‍ തയ്യാറാക്കുന്നുണ്ട്. ഇതുവഴി ഉദ്യോഗസ്ഥരുടെ സമയവും പരിശീലന ചെലവും ലാഭിക്കാന്‍ കഴിയുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it