Sub Lead

പാലത്തായി കേസ്: ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി- എസ്ഡിപിഐ

പീഡനക്കേസില്‍ നിര്‍ണായക തെളിവാകേണ്ട മെഡിക്കല്‍ റിപോര്‍ട്ട് പോലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പ്രതിയെ രക്ഷിക്കുന്നതിന് ഇരയെ മോശമായി ചിത്രീകരിക്കാന്‍ വരെ ക്രൈംബ്രാഞ്ച് തയ്യാറായി.

പാലത്തായി കേസ്: ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി- എസ്ഡിപിഐ
X

തിരുവനന്തപുരം: ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുല്‍ ജബ്ബാര്‍. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചത് തെളിവ് സഹിതം ചൂണ്ടിക്കാട്ടി എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ ഹൈക്കോടതി ശരിവെച്ചിരിക്കുകയാണ്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ സംഘത്തില്‍ ഉണ്ടാവരുതെന്ന കോടതി നിരീക്ഷണം വളരെ പ്രസക്തമാണ്.

അനാഥ ബാലികയെ പീഡിപ്പിച്ച അധ്യാപകനെ രക്ഷിക്കാന്‍ കേരളാ പോലിസ് തുടക്കം മുതല്‍ ശ്രമിച്ചിരുന്നു. വിളിപ്പാടകലെ നിന്ന പ്രതിയെ പിടിക്കാന്‍ ജനകീയ പ്രക്ഷോഭം വേണ്ടി വന്നു. കൂട്ടുപ്രതിക്കെതിരേ കേസെടുക്കാനോ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനോ പോലിസ് തയ്യാറായിട്ടില്ല. അവസാനം പോക്സോ വകുപ്പുപോലും ഒഴിവാക്കി പ്രതിയ്ക്ക് ജാമ്യം തരപ്പെടുത്തികൊടുക്കുകയായിരുന്നു ക്രൈംബ്രാഞ്ച് സംഘം. പീഡനക്കേസില്‍ നിര്‍ണായക തെളിവാകേണ്ട മെഡിക്കല്‍ റിപോര്‍ട്ട് പോലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പ്രതിയെ രക്ഷിക്കുന്നതിന് ഇരയെ മോശമായി ചിത്രീകരിക്കാന്‍ വരെ ക്രൈംബ്രാഞ്ച് തയ്യാറായി.

സംഘപരിവാര നേതാവിനെ രക്ഷിക്കാന്‍ ഇത്ര ഗുരുതരമായ ഒത്തുകളി നടത്തിയിട്ടും അന്വേഷണം സംഘത്തെ മാറ്റില്ല എന്ന മര്‍ക്കട മുഷ്ടിയിലായിരുന്നു പിണറായി സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ ഉന്നത കേന്ദ്രങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരുന്നത്. പ്രതിയെ രക്ഷിക്കുന്നതിന് ശ്രീജിത്തിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശം വരെ പുറത്തുവന്നിരുന്നു. ഏതുവിധേനയും പീഡനക്കേസ് പ്രതിയെ രക്ഷിക്കുന്നതിന് ഈ അന്വേഷണസംഘം തുടരട്ടെയെന്നതായിരുന്നു ഇടതു സര്‍ക്കാരിന്റെ നയം. ആ പിടിവാശിക്കേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടി ഉത്തരവ്. വാളയാര്‍ കേസിലും അന്വേഷണ സംഘത്തിനെതിരേ ശക്തമായ ഇടപെടലാണ് കോടതി നടത്തിയിരിക്കുന്നത്. സ്ത്രീ പീഡകരെ സംരക്ഷിക്കാന്‍ പോലിസ് ഒത്തുകളി നടത്തുന്നു എന്ന കോടതി നിരീക്ഷണം ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയത്തെയാണ് വ്യക്തമാക്കുന്നതെന്നും അബ്ദുല്‍ ജബ്ബാര്‍ കുറ്റപ്പെടുത്തി.




Next Story

RELATED STORIES

Share it