Sub Lead

ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നു; അന്വേഷണം സിനിമയിലേക്ക് എത്തിയപ്പോള്‍ നിലച്ചു

അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്.

ഹോട്ടലില്‍ റേവ് പാര്‍ട്ടി നടന്നു; അന്വേഷണം സിനിമയിലേക്ക് എത്തിയപ്പോള്‍ നിലച്ചു
X

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ അന്വേഷണസംഘം ചോദ്യംചെയ്തു. എറണാകുളം എസിപിയുടെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. വിവാദ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ (ഡിവിആര്‍) റോയി പോലിസിന് കൈമാറി. ദൃശ്യങ്ങളുടെ പരിശോധന പോലിസ് ആരംഭിച്ചു.

നിശാപ്പാര്‍ട്ടി നടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സിസിടിവി ദൃശ്യങ്ങളുടെ ഡിവിആര്‍ മാറ്റിയിരുന്നു. ഇതില്‍ ഒന്നുമാത്രമാണ് ഹാജാരാക്കിയിട്ടുള്ളത്. രണ്ടാമത്തേതും പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പോലിസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തി. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നുമാണ് സൈജുവിന്റെ മൊഴി.

ഡിവിആര്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കയക്കും. സിനിമാ മേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍ വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഓഡി കാര്‍ പിന്തുടര്‍ന്നതെന്നാണ് സംശയം.

അപകടം സംബന്ധിച്ച അന്വേഷണം സിനിമാ മേഖലയിലേക്ക് എത്തിയതോടെ അന്വേഷണം നിലച്ച മട്ടാണ്. നിലവിലെ അന്വേഷണം കൃത്യമായി മുന്നോട്ടുപോയാല്‍ സിനിമാ രംഗത്തുള്ളവരെ ചോദ്യംചെയ്യേണ്ടിവരും. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ സിനിമാരംഗത്തുള്ളവര്‍ അടക്കം പങ്കെടുത്ത റേവ് പാര്‍ട്ടി നടന്നതായി പോലിസ് സംശയിക്കുന്നുണ്ട്. എന്നാല്‍, ഇതിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നുതന്നെ സമ്മര്‍ദമുണ്ട്. അപകടം സംബന്ധിച്ചുള്ള അന്വേഷണം മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലില്‍ എത്താറുണ്ട്. അന്വേഷണം നീണ്ടാല്‍ ഇവര്‍ക്കും കുരുക്കാകും.

Next Story

RELATED STORIES

Share it