Sub Lead

പാകിസ്താനില്‍ 400 ക്ഷേത്രങ്ങള്‍ പുനസ്ഥാപിച്ച് ഹിന്ദുക്കള്‍ക്ക് കൈമാറും

പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ ദീര്‍ഘകാല ആവശ്യമാണ് ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ സഫലീകരിക്കുന്നത്.

പാകിസ്താനില്‍ 400 ക്ഷേത്രങ്ങള്‍ പുനസ്ഥാപിച്ച് ഹിന്ദുക്കള്‍ക്ക് കൈമാറും
X

ഇസ്്‌ലാമാബാദ്: പാകിസ്താനില്‍ കൈയേറ്റം ചെയ്യപ്പെടുകയോ വിവിധ കാരണങ്ങള്‍ കൊണ്ട് നശിപ്പിക്കപ്പെടുകയോ ചെയ്ത 400ലേറെ ഹിന്ദുക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ച് ഹിന്ദുക്കള്‍ക്ക് കൈമാറും. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെ ദീര്‍ഘകാല ആവശ്യമാണ് ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ സഫലീകരിക്കുന്നത്.

വിഭജനത്തിന് പിന്നാലെ ഭൂരിഭാഗം ഹിന്ദുക്കളും പാകിസ്താന്‍ വിട്ടതോടെയാണ് പല ക്ഷേത്രങ്ങളും കൈയേറ്റത്തിനിരയായത്. പലതും നോക്കാനാളില്ലാതെ കാലക്രമേണ നശിച്ചുപോവുകയും ചെയ്തു. ചില പ്രദേശങ്ങളില്‍ ഹിന്ദു കുടുംബങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രദേശത്തെ ചില ജന്മിമാരും മറ്റും ക്ഷേത്രം കൈയേറുകയായിരുന്നു. പല ക്ഷേത്രങ്ങളും പൊതു ആവശ്യങ്ങള്‍ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു.

ഈ രീതിയില്‍ നഷ്ടപ്പെട്ട 400ലേറെ ക്ഷേത്രങ്ങളാണ് പാക് സര്‍ക്കാര്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിച്ച് ഹിന്ദു സമുദായത്തിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. സിയാല്‍ക്കോട്ടിലെയും പെഷാവറിലെയും ചരിത്രപ്രാധാന്യമുള്ള രണ്ട് ആരാധനാലയങ്ങളാണ് ആദ്യം കൈമാറുക. സിയാല്‍ക്കോട്ടില്‍ ഇപ്പോള്‍ ഒരു ജഗന്നാഥ ക്ഷേത്രം നിലവിലുണ്ട്. ഇവിടെയുണ്ടായിരുന്ന 1000 വര്‍ഷം പഴക്കമുള്ള ശിവാലയ തേജാ സിങ് ക്ഷേത്രം സര്‍ക്കാര്‍ പുനസ്ഥാപിച്ച് നല്‍കും.

1992ല്‍ ബാബരി മസ്ജദി തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ഹിന്ദുക്കള്‍ ശിവാലയ ക്ഷേത്രം സന്ദര്‍ശിക്കുന്നത് നിര്‍ത്തിയത്. പെഷാവറില്‍ പൈതൃക കേന്ദ്രമാക്കി മാറ്റിയിരുന്ന ഗോരഖ്‌നാഥ് ക്ഷേത്രവും ഉടന്‍ തുറന്നുനല്‍കും. ഓരോ വര്‍ഷവും രണ്ടോ മൂന്നോ ക്ഷേത്രങ്ങള്‍ വീതം പുനസ്ഥാപിച്ച് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

Next Story

RELATED STORIES

Share it