Sub Lead

ഇമ്രാന്‍ ഖാന് ആശ്വാസം; തീവ്രവാദ കേസില്‍ ഇടക്കാല ജാമ്യം

ജഡ്ജി രാജാ ജവാദ് അബ്ബാസാണ് ഒരു ലക്ഷം പാകിസ്താന്‍ രൂപയുടെ (460 ഡോളര്‍) ഈടില്‍ സെപ്റ്റംബര്‍ 1 വരെ ഖാന് ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്ന മറ്റൊരു കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി താഹിര്‍ അബ്ബാസ് സുപ്രയും 5,000 പാകിസ്താന്‍ രൂപയുടെ ഈടില്‍ ഖാന് സെപ്റ്റംബര്‍ 7 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. കോടതിയലക്ഷ്യക്കേസില്‍ ആഗസ്ത് 31ന് വാദം കേള്‍ക്കും.

ഇമ്രാന്‍ ഖാന് ആശ്വാസം; തീവ്രവാദ കേസില്‍ ഇടക്കാല ജാമ്യം
X

ഇസ്‌ലാമാബാദ്: മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും വനിതാ ജഡ്ജിക്കുമെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്ത കേസില്‍ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) തലവനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന് ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ജഡ്ജി രാജാ ജവാദ് അബ്ബാസാണ് ഒരു ലക്ഷം പാകിസ്താന്‍ രൂപയുടെ (460 ഡോളര്‍) ഈടില്‍ സെപ്റ്റംബര്‍ 1 വരെ ഖാന് ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്ന മറ്റൊരു കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി താഹിര്‍ അബ്ബാസ് സുപ്രയും 5,000 പാകിസ്താന്‍ രൂപയുടെ ഈടില്‍ ഖാന് സെപ്റ്റംബര്‍ 7 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. കോടതിയലക്ഷ്യക്കേസില്‍ ആഗസ്ത് 31ന് വാദം കേള്‍ക്കും.

ഇസ്‌ലാമാബാദില്‍ നടന്ന റാലിയില്‍ പോലിസിനെയും ജുഡീഷ്യറിയെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ഇമ്രാന്‍ ഖാനെതിരേ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തത്. തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 7 പ്രകാരം, ഇസ്ലാമാബാദിലെ മാര്‍ഗല്ല പോലീസ് സ്‌റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരെയും വനിതാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെയും ഇമ്രാന്‍ ഖാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു എഫ്‌ഐആര്‍. ഇമ്രാന്‍ ഖാന്റെ പ്രസംഗം പോലീസിനും ജഡ്ജിമാര്‍ക്കും രാജ്യത്തിനും ഇടയില്‍ ഭയവും അനിശ്ചിതത്വവും പടര്‍ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

കഴിഞ്ഞയാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്തി ഇമ്രാന്‍ ഖാന്റെ സഹായി ഷഹബാസ് ഗില്‍ അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ഒരു വനിതാ മജിസ്‌ട്രേറ്റ്, പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍, രാഷ്ട്രീയ എതിരാളികള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കുമെന്ന് തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

അതിനിടെ, ഇമ്രാന്‍ ഖാന്റെ പ്രസംഗങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിന് പാകിസ്താനില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ടിവി ചാനലുകളില്‍ ഈ പ്രസംഗങ്ങള്‍ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ ഉള്ളടക്കങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്യരുതെന്ന തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ചാനലുകള്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പാക്കിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

Next Story

RELATED STORIES

Share it