ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ള; കേന്ദ്രത്തിനയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്
എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിനു അയച്ച കത്തിന്റെ പകര്‍പ്പ് ഐസക് പുറത്തുവിട്ടു.

തിരുവനന്തപുരം: ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപിയാണെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിനു അയച്ച കത്തിന്റെ പകര്‍പ്പ് ഐസക് പുറത്തുവിട്ടു. സംയുക്ത സമരസമിതിയുടെ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കാണ് ശ്രീധരന്‍പിള്ള കത്തയച്ചത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്ന് ഐസക് കുറ്റപ്പെടുത്തി. കേന്ദ്രത്തിന് അയച്ച കത്തിന്റെ പകര്‍പ്പ് സഹിതം ഫെയ്‌സ്ബുക്കിലൂടെയാണ് തോമസ് ഐസക് ശ്രീധരന്‍പിള്ളയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത്.
തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള. കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്‌നത്തെ ചുരുക്കാനാവില്ല. ഈ നാടിന്റെ ഭാവിവികസനത്തെ പിന്‍വാതിലിലൂടെ അട്ടിമറിച്ചശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവര്‍ത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം. ഈ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാവുന്നത്.
അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവര്‍ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവുകൂടി. 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ചുമതലകള്‍ നിറവേറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. തൊണ്ടയാട്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ നാടിനു സമര്‍പ്പിച്ചു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂര്‍ത്തീകരിക്കുന്നു. കരമന- കളിയിക്കാവിള റോഡും കിഫ്ബിയില്‍പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.
വെല്ലുവിളികള്‍ക്കു മുന്നില്‍ അടിപതറി 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാ വികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂര്‍, കീഴാറ്റൂര്‍, മലപ്പുറം ഉള്‍പ്പടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ കേന്ദ്രം പദ്ധതി അട്ടിമറിച്ചത്. നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങള്‍ അതിവേഗം കരഗതമാക്കാന്‍ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന്‍പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും കേരളം മാപ്പുനല്‍കില്ല.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT