Sub Lead

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടുവന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് അധ്യക്ഷ ചുമതലയില്‍നിന്ന് മാറിയ ടി പി പീതാംബരന്‍ മാസ്റ്റര്‍ക്ക് പകരമായാണ് സംസ്ഥാന അധ്യക്ഷനായി പി സി ചാക്കോയെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിയമിച്ചത്. കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് അടുത്തിടെയാണ് പി സി ചാക്കോ എന്‍സിപിയില്‍ അംഗത്വം സ്വീകരിച്ചത്. അതേസമയം, രണ്ടാം ഇടതുമുന്നണി സര്‍ക്കാരില്‍ മെച്ചപ്പെട്ട വകുപ്പാണ് എന്‍സിപിക്ക് ലഭിച്ചതെന്ന് പി സി ചാക്കോ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്ക് വകുപ്പ് മാറ്റിനല്‍കിയതില്‍ തെറ്റില്ല. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണ്.

വനം വകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിക്ക് കിട്ടിയ മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അടുത്ത അഞ്ചുവര്‍ഷവും എ കെ ശശീന്ദ്രന്‍ തന്നെയാവും പാര്‍ട്ടി പ്രതിനിധിയായ മന്ത്രിസഭയിലുണ്ടാവുക. കോണ്‍ഗ്രസില്‍നിന്നും കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയിലേക്ക് എത്തും. മാണി സി കാപ്പനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ചയില്ല. എല്‍ഡിഎഫില്‍ തുടരണമെന്ന എന്‍സിപി നിലപാടിന് വിരുദ്ധമായാണ് കാപ്പന്‍ പ്രവര്‍ത്തിച്ചതെന്നും പി സി ചാക്കോ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പി സി ചാക്കോയുടെ രാഷ്ട്രീയ പ്രവേശനം.

1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായും 19731975 കാലഘട്ടത്തില്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും 1975 മുതല്‍ 1979 വരെ കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1978ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആന്റണി വിഭാഗത്തിനൊപ്പം ചേര്‍ന്ന ചാക്കോ 1980 ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 19801981 ലെ ഇ കെ നായനാര്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ആന്റണി വിഭാഗം 1982ല്‍ കോണ്‍ഗ്രസില്‍ ലയിച്ചെങ്കിലും ചാക്കോ കോണ്‍ഗ്രസ് എസ് എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു.

1982 മുതല്‍ 1986 വരെ കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ മുകുന്ദപുരത്ത് നിന്നും 1998 ല്‍ ഇടുക്കിയില്‍ നിന്നും 2009 ല്‍ തൃശൂരില്‍ നിന്ന് തന്നെ വീണ്ടും ലോക്‌സഭയില്‍ അംഗമായി. 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് സി പി എമ്മിന്റെ കെ സുരേഷ് കുറുപ്പിനോടും 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മല്‍സരിച്ച സിനിമാ നടന്‍ ഇന്നസെന്റിനോടും പരാജയപ്പെട്ടു.

Next Story

RELATED STORIES

Share it