Sub Lead

കശ്മീരിനെ വരിഞ്ഞുമുറുക്കി പോലിസ്; തൊട്ടതിനും പിടിച്ചതിനും യുഎപിഎ

സായുധ സംഘടനകള്‍ക്ക് താഴേത്തട്ടിൽ സഹായം നൽകിയെന്നാരോപിച്ച് 900ൽ അധികം പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന വിവരം.

കശ്മീരിനെ വരിഞ്ഞുമുറുക്കി പോലിസ്; തൊട്ടതിനും പിടിച്ചതിനും യുഎപിഎ
X

കശ്മീർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദ് ചെയ്ത് രണ്ട് വർഷം പിന്നിടുമ്പോഴും കശ്മീരി ജനത കടന്നുപോകുന്നത് സമാനതകളില്ലാത്ത അടിച്ചമർത്തലിലൂടെയാണ്. കഴിഞ്ഞ ഒരു മാസത്തിലധികമായി ബിജെപി നേതാക്കൾക്കെതിരേയുള്ള സായുധാക്രമണം ശക്തമായ സാഹചര്യത്തിൽ കശ്മീർ താഴ്വരയിൽ സാക്ഷ്യം വഹിക്കുന്നത് രണ്ട് വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പോലിസ് നടപടിയാണ്.

കശ്മീരിൽ ലശ്കറെ തൊയ്ബ, ജയ്ശെ മുഹമ്മദ്, അൽ ബദർ, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ സായുധ സംഘടനകള്‍ക്ക് താഴേത്തട്ടിൽ സഹായം നൽകിയെന്നാരോപിച്ച് 900ൽ അധികം പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അറസ്റ്റിലായതെന്നാണ് പുറത്തുവരുന്ന വിവരം. ജമ്മു കശ്മീർ പോലിസാണ് ഈ ഓപറോഷന് നേതൃത്വം നൽകുന്നതെന്നാണ് സിഎൻഎൻ റിപോർട്ട് ചെയ്യുന്നത്.

സായുധർക്ക് ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചുനൽകുന്ന ഗ്രൗണ്ട് വർക്കേഴ്സാണ് പിടിടിയിലായതെന്നാണ് പോലിസ് ഭാഷ്യം. കശ്മീരിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണമുണ്ടായ സാഹചര്യത്തിലാണ് നടപടിയെന്നുമാണ് വിശദീകരണം. കശ്മീർ താഴ്വരയിലെ ഏറ്റവും വലിയ പോലിസ് നടപടിയാണിതെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം നടക്കുന്നു എന്ന് പോലിസ് പറയുമ്പോഴും ആക്രമണത്തിനിരയായത് ബിജെപി നേതാക്കളാണെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിടിയിലായവരെല്ലാം വിവിധ അന്വേഷണ ഏജൻസികളുടെ സംയുക്ത ചോദ്യം ചെയ്യലിലാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്ക് പിന്നിലെ പ്രവർത്തന മാതൃക മനസ്സിലാക്കാനാണ് ശ്രമിക്കുന്നതെന്നും പോലിസ് അറിയിച്ചു. കശ്മീരിൽ പുതുതായി രൂപംകൊണ്ട സായുധ സംഘടനയായ ടിആർഎഫ് അടുത്തിടെ ബിജെപി നേതാക്കൾക്കെതിരേ തുടർച്ചയായി ആക്രമണം നടത്തിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കേന്ദ്രം കൊണ്ടുവന്ന പുതിയ താമസ നിയമത്തിലും പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലും പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് സായുധ സംഘങ്ങൾ അവകാശപ്പെടുന്നതെന്നാണ് റിപോർട്ടുകൾ. അതേസമയം ദേശീയ അന്വേഷണ ഏജൻസിയും മേഖലയിൽ വ്യാപക തിരച്ചിലുകളാണ് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ റെസിസ്റ്റന്റ് ഫ്രണ്ടിന്റെ പ്രവർത്തകരെന്നാരോപിച്ച് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ശ്രീനഗറിൽ സായുധരുടെ വെടിയേറ്റ് സർക്കാർ സ്‌കൂൾ അധ്യാപകരായ സുപുന്ദർ കൗർ, ദീപക് ചന്ദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച, ശ്രീനഗറിലെ ഇക്ബാൽ പാർക്കിലെ ഫാർമസി ഉടമ മഖാൻ ലാൽ ബിന്ദ്രൂ (70) അദ്ദേഹത്തിന്റെ സ്റ്റോറിനുള്ളിൽ വെടിയേറ്റു മരിച്ചു. സംഭവശേഷം വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ കശ്മീരിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പോലിസ് നടപടിയെന്നത് ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it