തെല്‍തുംബ്ദെയ്ക്ക് 600ഓളം വിദേശ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാരുടെ ഐക്യദാര്‍ഢ്യം

അമേരിക്കയിലെയും യൂറോപ്പിലെയും പ്രഖ യൂനിവേഴ്‌സിറ്റികളിലെ പ്രൊഫസര്‍മാര്‍ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചു.

തെല്‍തുംബ്ദെയ്ക്ക് 600ഓളം വിദേശ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍മാരുടെ ഐക്യദാര്‍ഢ്യം

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ഐക്യദാര്‍ഢ്യം. അമേരിക്കയിലെയും യൂറോപ്പിലെയും പ്രഖ യൂനിവേഴ്‌സിറ്റികളിലെ പ്രൊഫസര്‍മാര്‍ അദ്ദേഹത്തിന് പിന്തുണ അറിയിച്ചുള്ള പ്രസ്താവനയില്‍ ഒപ്പുവച്ചു.

തെല്‍തുംബ്ദെയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് പ്രിന്‍സ്ടണ്‍, ഹാവഡ്, കൊളംബിയ, യേല്‍, സ്റ്റാന്‍ഫോഡ്, ബെര്‍ക്ലി, യുസിഎല്‍എ, ഷിക്കാഗോ, പെന്‍, കോര്‍ണല്‍, എംഐടി, ഓക്‌സഫഡ്, എഡിന്‍ബറോ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്‌സ് തുടങ്ങിയ യൂനിവേഴ്‌സിറ്റികളിലെ പ്രമുഖര്‍ കേന്ദ്ര സര്‍ക്കാരിനോടും മഹാരാഷ്ട്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

യേല്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. എലിസബത്ത് വുഡ്‌സ്, ഹാവഡിലെ പ്രഫ. ഡോസി സോമര്‍, യുസിഎല്‍എ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരായ റോബിന്‍ കെല്ലി, എറിക് ഷെപ്പേഡ്, എംഐടി യൂനിവേഴ്‌സിറ്റിയിലെ പ്രഫ. മൃഗംഗ സൂര്‍, ന്യൂയോര്‍ക്ക് സിറ്റി യൂനിവേഴ്‌സിറ്റിയിലെ പ്രഫ.സിന്‍ഡി കാറ്റ്‌സ് തുടങ്ങിയവരെല്ലാം പ്രസ്താവനയില്‍ ഒപ്പുവച്ചവരില്‍പ്പെടുന്നു.

72 മണിക്കൂറിനകമാണ് 600ഓളം പ്രമുഖര്‍ പ്രസ്താനവയില്‍ ഒപ്പുവയ്ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നതെന്ന് ഇന്ത്യ സിവില്‍ വാച്ച് വക്താവ് രാജാ സ്വാമി പറഞ്ഞു. നോര്‍ത്ത് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയാണ് കാംപയ്‌ന് തുടക്കമിട്ടത്. സത്യത്തിനും സാമൂഹിക നീതിക്കും ഒപ്പം നില്‍ക്കുന്നതു കൊണ്ടാണ് തെല്‍തുംബ്ദെ അടക്കമുള്ളവരെ വേട്ടയാടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. നിരവധി ദക്ഷിണേഷ്യന്‍ പ്രൊഫസര്‍മാരും തെല്‍തുംബ്ദെയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ്, ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ തെല്‍തുംബ്‌ദെയ്‌ക്കെതിരേ യുഎപിഎ ചുമത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച തെല്‍തുംബ്ദെയെ ഈയിടെ പൂനെ പോലിസ് സുപ്രിംകോടതി വിധി ലംഘിച്ച് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഇടപെടലിനെ തുടര്‍ന്നാണ് വിട്ടയച്ചത്.

RELATED STORIES

Share it
Top