Sub Lead

ഓപ്പറേഷന്‍ ഒക്ടോപസ് ജനാധിപത്യത്തെ തകര്‍ക്കുന്നു; പോപുലര്‍ ഫ്രണ്ട് നിരോധനവും നേതാക്കളുടെ അറസ്റ്റും അപലപനീയമെന്ന് പിയുസിഎല്‍

ഓപ്പറേഷന്‍ ഒക്ടോപസ് ജനാധിപത്യത്തെ തകര്‍ക്കുന്നു;  പോപുലര്‍ ഫ്രണ്ട് നിരോധനവും നേതാക്കളുടെ അറസ്റ്റും അപലപനീയമെന്ന് പിയുസിഎല്‍
X

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ ഒക്ടോപസ് ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്നും പോപുലര്‍ ഫ്രണ്ട് നിരോധനവും നേതാക്കളുടെ അറസ്റ്റും അപലപനീയമെന്നും പിയുസിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു. ആശയ സ്വാതന്ത്ര്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ച് ഉത്കണ്ഠയുണ്ടാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍.

സിആര്‍പിഎഫ്, ആഭ്യന്തര മന്ത്രാലയം, എടിഎസ്, എന്‍ഐഎ, ഇഡി, റോ, സ്‌റ്റേറ്റ് പോലിസ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് രാജ്യം. ഇന്ത്യയിലെ 16ലധികം സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് കേന്ദ്രങ്ങളിലായി 300ലധികം അറസ്റ്റുകളോടെ രണ്ട് റൗണ്ടുകളിലായി നടത്തിയ കൂട്ട റെയ്ഡുകളാണ് നടന്നത്. വമ്പിച്ച ഭരണകൂട അധികാരം കാണിക്കുന്ന ഒരു മാധ്യമ കാഴ്ചയായി നടത്തിയ റെയ്ഡുകള്‍, നിയമവാഴ്ചയില്‍ അധിഷ്ഠിതമായ ഒരു ഭരണഘടനാ ജനാധിപത്യത്തെ തകര്‍ക്കുന്നതാണ്. മുസ്‌ലിം സമൂഹത്തെ കൂടുതല്‍ ഭയത്തിലേക്കും ഭീഷണിയിലേക്കും അകല്‍ച്ചയിലേക്കും നിശ്ശബ്ദതയിലേക്കും തള്ളിവിടാനുള്ള നടപടികളാണിതെന്നും പിയുസിഎല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെഡറലിസത്തെ അട്ടിമറിക്കുന്നു

കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളിലും അറസ്റ്റുകളിലും ഫെഡറല്‍ സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ലോക്കല്‍ പോലിസിനെ ഓപ്പറേഷനില്‍ നിന്ന് ഒഴിവാക്കി. സത്യത്തില്‍, റെയ്ഡും അറസ്റ്റും സംബന്ധിച്ച് അവസാനം വരെ തമിഴ്‌നാട് പോലിസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. ക്രമസമാധാനം സംസ്ഥാന വിഷയമായിട്ടും എന്‍ഐഎയെ കേന്ദ്രം ഏകപക്ഷീയമായി ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ ചവിട്ടിമെതിക്കുകയും ഭരണഘടനയെ തുരങ്കം വയ്ക്കുകയും ചെയ്‌തെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

റെയ്ഡുകള്‍: മുസ്‌ലിം സമുദായത്തില്‍ ഭയം വളര്‍ത്താനുള്ള മാര്‍ഗം

മുസ് ലിംകളില്‍ ഭയം സൃഷ്ടിക്കുന്ന തരത്തിലാണ് റെയ്ഡുകളും അറസ്റ്റുകളും അരങ്ങേറിയത്. അര്‍ദ്ധരാത്രിയിലാണ് റെയ്ഡുകള്‍ നടന്നത്. മുസ് ലിം പ്രദേശങ്ങള്‍ സായുധരായ സിആര്‍പിഎഫ് ഉപരോധത്തിലാക്കിയതിന് ശേഷമായിരുന്നു റെയ്ഡുകള്‍. റെയ്ഡ് നടക്കാനിരിക്കുന്ന തെരുവുകളിലേക്കുള്ള പ്രവേശനം അടച്ചു. അവര്‍ മണിക്കൂറുകളോളം ഉപരോധത്തിലായിരുന്നു. ആയുധങ്ങളും സുരക്ഷാ ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ച് മുസ്‌ലിം സമൂഹത്തെ മുഴുവന്‍ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഡല്‍ഹിയിലെ ജാമിയ നഗര്‍ ഉള്‍പ്പടെ 2022 നവംബര്‍ പകുതി വരെ പോലിസ് സെക്ഷന്‍ 144 പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളും മറ്റ് ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളും നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതായിരുന്നു സര്‍ക്കാര്‍ നടപടിയെന്നും പിയുസിഎല്‍ കുറ്റപ്പെടുത്തി.

എഫ്‌ഐആറുകളും കേസ് റെക്കോര്‍ഡുകളും ദുരൂഹം

ബിഹാറില്‍ ആയുധ പരിശീലനം ആരോപിച്ച് മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്ത കേസും ദുരൂഹമാണെന്ന് പിയുസിഎല്‍ പ്രസ്താവനയില്‍ പറയുന്നു. ബിഹാറില്‍ പ്രധാനമന്ത്രി മോദിയുടെ പട്‌ന സന്ദര്‍ശനത്തിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. 'ദേശവിരുദ്ധ ഭീകര പ്രവര്‍ത്തനങ്ങള്‍' എന്ന മുദ്രാചാര്‍ത്തി 26 മുസ് ലിം യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. എന്‍ഐഎയാണ് കേസ് അന്വേഷിക്കുന്നത്. പിയുസിഎല്‍ ബിഹാര്‍ ഘടകം നടത്തിയ വസ്തുതാന്വേഷണത്തില്‍ ബിഹാറിലെ പട്‌ന ജില്ലയിലെ ഫുല്‍വാരി ഷെരീഫ് മേഖലയില്‍ പ്രഥമദൃഷ്ട്യാ ആയുധപരിശീലനമോ തീവ്രവാദ പ്രവര്‍ത്തനങ്ങളോ യുവാക്കളെ തീവ്രവാദികളാക്കുന്നതോ ഒന്നും നടക്കുന്നില്ല. ഫുല്‍വാരി ഷെരീഫില്‍ താമസിക്കുന്ന മുസ്‌ലിംകളെ മാധ്യമങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെയും റിപ്പോര്‍ട്ട് അപലപിച്ചു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കര്‍ ഫുല്‍വാരി ഷെരീഫിനെ 'ആതങ്ക് കി ഫുല്‍വാരി'(ഭീകരതയുടെ പൂന്തോട്ടം) എന്നാണ് അധിക്ഷേപിച്ചത്. ബിഹാര്‍ പോലിസിന്റെ എഫ്‌ഐആറിനെയും തെറ്റായ അറസ്റ്റിനെയും ഏറ്റെടുത്ത മാധ്യമങ്ങള്‍ ഭീകരതയുടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 'ദേശവിരുദ്ധം' എന്ന് കരുതുന്ന സംഘടനകളുടെയും ആശയങ്ങളുടെയും കാര്യത്തില്‍ നിരോധിക്കുന്ന രാഷ്ട്രീയം അവലംബിക്കരുത്. പകരം ജനാധിപത്യം എന്ന നിലയില്‍ മതത്തിന്റെ പേരില്‍ വിവേചനമില്ലെന്ന് ഇന്ത്യ തെളിയിക്കണമെന്നും പിയുസിഎല്‍ ജനറല്‍ സെക്രട്ടറി വി സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു.

നിരോധനം പിന്‍വലിക്കണമെന്നും പോപുലര്‍ ഫ്രണ്ടുമായി ആശയ സംവാദം നടത്തണമെന്നും പിയുസിഎല്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായ എല്ലാവരെയും വിട്ടയക്കുക, മുസ്‌ലിം യുവാക്കളെ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നടപടികള്‍ ഒഴിവാക്കുക, ഭരണഘടനാ വിരുദ്ധമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമവും (യുഎപിഎ), എന്‍ഐഎ നിയമവും പൂര്‍ണ്ണമായും റദ്ദാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

Next Story

RELATED STORIES

Share it