Sub Lead

ഒരുവര്‍ഷം നീണ്ട വിചാരണ, ജീവനുള്ള വസ്തു കൊലപാതകത്തിന് ആയുധം; ഉത്ര വധക്കേസില്‍ വിധി ഇന്ന്

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഒരുവര്‍ഷം നീണ്ട വിചാരണ, ജീവനുള്ള വസ്തു കൊലപാതകത്തിന് ആയുധം; ഉത്ര വധക്കേസില്‍ വിധി ഇന്ന്
X

കൊല്ലം: കേരള മനസാക്ഷിയെ നടക്കിയ അഞ്ചല്‍ ഉത്രവധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ വിധിപറയുക. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കേസില്‍ ഇന്നു വിധി പറയുന്നത്.25കാരിയായ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്രയെ 2020 മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസ് വിസ്താരം പൂര്‍ത്തിയാക്കിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അത് സര്‍പ്പകോപമാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു.

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന, അത്യപൂര്‍വ്വമായ കേസില്‍ ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് രാവിലെ 11ന് വിധി പ്രഖ്യാപിക്കും. കേസ് അത്യപൂര്‍വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന് ഭര്‍ത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. സൂരജ് കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന കാര്യത്തില്‍ ആവും കോടതി ആദ്യം വിധി പറയുക. കുറ്റക്കാരനെന്ന് വിധിച്ചാല്‍ ശിക്ഷയെ കുറിച്ച് പ്രതി ഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം വീണ്ടും കേള്‍ക്കും.

സ്വത്തിന് വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസിലാണ് ഇന്ന് കോടതിയുടെ വിധി വരുന്നത്.

87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്ന് സിഡികളും ഹാജരാക്കി. വാദത്തിനിടയില്‍ ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ട് പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാദം കേട്ടത്. സൂരജിന് പാമ്പുകളെ നല്‍കിയതായി മൊഴിനല്‍കിയ ചാവര്‍കാവ് സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കി.

നേരത്തെ അണലിയെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അടുത്ത പദ്ധതി തയ്യാറാക്കി. മെയ് 7നായിരുന്നു കൊലപാതകം നടപ്പിലാക്കിയത്. ഉത്രയെ രണ്ടുപ്രാവശ്യം പാമ്പുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നതെങ്കിലും എന്താണ് സംഭവിച്ചതെന്ന് കോടതിയില്‍ വിശദീകരിക്കാന്‍ തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. മൂര്‍ഖന്‍ പാമ്പിന് ഉത്ര കിടന്നമുറിയില്‍ കയറാനുള്ള പഴുതുകള്‍ ഇല്ലായിരുന്നെന്നും ജനല്‍വഴി കയറാനുള്ള സാധ്യത ഇല്ലെന്നും വിദഗ്ധ സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു.

ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് വിഷം പുറത്തുവരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കി.

വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്.

ഉത്രക്കേസ് നാള്‍വഴി


2018 മാര്‍ച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം


2020 മാര്‍ച്ച് 2 ഉത്രക്ക് ആദ്യം പാമ്പുകടി ഏല്‍ക്കുന്നു


മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയില്‍


ഏപ്രില്‍ 22ന് ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക്


ഏപ്രില്‍ 22 നും മെയ് 7 നും ഇടയില്‍ സൂരജ് അവിടേക്ക് ഇടയ്ക്കിടെ സന്ദര്‍ശനം


മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി


മെയ് ഏഴിന് ഉത്രയുടെ മരണം


അന്ന് മുതല്‍ തന്നെ വീട്ടുകാര്‍ക്ക് സംശയം


മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു


മെയ് 12ന് വീട്ടുകാര്‍ പൊലീസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു


മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേര്‍ന്ന് റൂറല്‍ എസ് പി ഹരിശങ്കറിന് പരാതി നല്‍കി




Next Story

RELATED STORIES

Share it