Sub Lead

മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരേ നടുറോഡില്‍ ആള്‍ക്കൂട്ട ലൈംഗികാതിക്രമം; ദൃശ്യങ്ങള്‍ പകര്‍ത്തി കാഴ്ചക്കാരായി നാട്ടുകാര്‍

മധ്യപ്രദേശില്‍ സ്ത്രീകള്‍ക്ക് നേരേ നടുറോഡില്‍ ആള്‍ക്കൂട്ട ലൈംഗികാതിക്രമം; ദൃശ്യങ്ങള്‍ പകര്‍ത്തി കാഴ്ചക്കാരായി നാട്ടുകാര്‍
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ പട്ടാപ്പകല്‍ നടുറോഡില്‍ ആള്‍ക്കൂട്ടം സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മധ്യപ്രദേശിലെ പ്രശസ്തമായ ഗോത്ര ഉല്‍സവത്തിനിടെയാണ് രണ്ട് യുവതികളെ ഒരുസംഘമാളുകള്‍ ക്രൂരമായി ലൈംഗികാക്രമത്തിനിരയാക്കിയത്. അക്രമം ഭയന്ന് ഒരു സ്ത്രീ വാഹനത്തിന് പിന്നില്‍ ഒളിച്ചുനില്‍ക്കുന്ന നിലയിലാണ് വീഡിയോ ദൃശ്യം ആരംഭിക്കുന്നത്. ശേഷം സ്ത്രീയെ അക്രമിക്കുന്നയാളില്‍നിന്ന് വഴിയാത്രക്കാരനായ ഒരാള്‍ സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഒരുസംഘമാളുകള്‍ കൂട്ടത്തോടെ വന്ന് സ്ത്രീയെ ബലമായി പിടിച്ചുകൊണ്ടുപോയി അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

ഈ സമയം തന്നെ മറ്റൊരു സ്ത്രീയെയും ഇതേ രീതിയില്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി നാട്ടുകാര്‍ ദൃശ്യങ്ങള്‍ മൊബൈലുകളില്‍ പകര്‍ത്തിക്കൊണ്ടിരുന്നുവെങ്കിലും ആരും തന്നെ സഹായത്തിനായി കേഴുന്ന സ്ത്രീകളെ രക്ഷിക്കാന്‍ തയ്യാറായില്ല. മധ്യപ്രദേശിലെ ഗോത്രവര്‍ഗ ആധിപത്യ ജില്ലകളില്‍ നടക്കുന്ന ഏറ്റവും വലുതും പ്രശസ്തവുമായ ഭഗോരിയ ഉല്‍സവത്തിന് അലിരാജ്പൂര്‍, ഝബുവ, ധാര്‍, ബര്‍വാനി, ഖാര്‍ഗോണ്‍ ജില്ലകളിലായി വെള്ളിയാഴ്ചയാണ് തുടക്കമായത്. ആയിരക്കണക്കിനാളുകള്‍ക്ക് ആവശ്യമായ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് പ്രാദേശിക ഭരണകൂടവും പോലിസും അവകാശപ്പെടുന്നത്.

എന്നാല്‍, ഉല്‍സവത്തിന്റെ ആദ്യ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരേയുണ്ടായ അതിക്രമത്തിനെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. സംഭവം വിവാദമായതോടെ രണ്ടുപേരെ കസ്റ്റിഡിയിലെടുത്തതായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അലിരാജ്പൂര്‍ പോലിസ് സൂപ്രണ്ട് മനോജ് കുമാര്‍ സിങ് പറഞ്ഞു. കേസിലെ പ്രധാന പ്രതി ഒളിവിലാണെന്നും പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും പോലിസ് എന്‍ഡിടിവിയോട് പറഞ്ഞു. വീഡിയോ ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും സംഭവത്തില്‍ ഇരയായ സ്ത്രീകള്‍ക്ക് പരാതിയില്ലെന്നും സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് പറഞ്ഞു. അന്വേഷണത്തിനായി നിരവധി സംഘങ്ങളെ രൂപീകരിച്ചു. പ്രതികളെ എല്ലാവരെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it