Sub Lead

രാജ്യത്തെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ദിവസത്തിനകം 23 ശതമാനം കുറഞ്ഞതായി കേന്ദ്രം

'ഗ്രീന്‍ സോണുകളുടെ' എണ്ണം അഥവാ പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍ 356ല്‍ നിന്ന് 319 ആയി കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ദിവസത്തിനകം 23 ശതമാനം കുറഞ്ഞതായി കേന്ദ്രം
X

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് 19 ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 15 ദിവസത്തിനകം 23 ശതമാനം കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. ഏപ്രില്‍ 15ന് 170 ഹോട്ട് സ്‌പോട്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഏപ്രില്‍ 30ന് 130 ആയി കുറഞ്ഞു.'ഗ്രീന്‍ സോണുകളുടെ' എണ്ണം അഥവാ പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകള്‍ 356ല്‍ നിന്ന് 319 ആയി കുറഞ്ഞിട്ടുണ്ട്. വൈറസ് വ്യാപനമുണ്ടെങ്കിലും തീവ്രത കുറഞ്ഞിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ മുമ്പ് ബാധിക്കാത്ത പ്രദേശങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നുണ്ട്.

അതിനിടെ, 'ഓറഞ്ച് സോണുകളുടെ' എണ്ണം 207 ല്‍ നിന്ന് 284 ആയി വര്‍ധിച്ചു. ഇന്നലെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ അവലോകനത്തിനുശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാ്യം വ്യക്തമാക്കിയത്. ഒരു ജില്ലയെ ഗ്രീന്‍ അഥവാ വൈറസ് രഹിതമെന്ന നിശ്ചയിക്കാന്‍ നിലവില്‍ 21 ദിവസത്തെ അണുബാധയില്ലാത്ത കാലയളവ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നേരത്തേ ഇത് 28 ദിവസമായിരുന്നു.

വൈറസ് സ്ഥിരീകരിച്ച ഓറഞ്ച്, റെഡ് സോണുകളില്‍ വൈറസ് വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വൈറസ് ബാധിത മേഖലകളില്‍ വൈറസ് വ്യാപനം തടയുന്നതിന് വ്യക്തമായ ആഗമന, ബഹിര്‍ഗമന പോയന്റുകള്‍ സ്ഥാപിക്കാനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.കൊവിഡ് വ്യാപനം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണിലാണ്. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തില്‍ നിന്നും കോട്ടയവും കണ്ണൂരും കോവിഡ് തീവ്രബാധിത മേഖല (റെഡ് സോണ്‍) യില്‍ ഉള്‍പ്പെടുന്നു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നിന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂചിപ്പിച്ചു.

ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതല്‍ റെഡ് സോണുകളുള്ള സംസ്ഥാനങ്ങള്‍. യുപിയില്‍ 19ഉം, മഹാരാഷ്ട്രയില്‍ 14ഉം റെഡ് സോണുകളുണ്ട്. തമിഴ്നാട്ടില്‍ 12ഉം റെഡ് സോണിലാണ്. അതേസമയം ഡല്‍ഹിയിലെ 11 ജില്ലകളും അതി തീവ്രബാധിത മേഖലകളാണ്.

രാജ്യത്തെ 319 ജില്ലകളാണ് ഗ്രീന്‍ സോണിലുള്ളത്. വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ 284 ജില്ലകള്‍ ഓറഞ്ച് സോണിലും ഉള്‍പ്പെടുന്നു. കേരളത്തിലെ 10 ജില്ലകളും ഇതില്‍പ്പെടുന്നു. കേരളം നേരത്തെ ഗ്രീന്‍ സോണുകളെ എല്ലാം ഓറഞ്ച് സോണുകളാക്കി മാറ്റി നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ഇതില്‍ നിന്നും വിരുദ്ധമായി സംസ്ഥാനത്തെ രണ്ട് ജില്ലകളെ കേന്ദ്രപട്ടികയില്‍ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രീന്‍സോണുകളില്‍ നിയന്ത്രിതമായ രീതിയില്‍ പൊതുഗതാഗതം അടക്കം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it