Sub Lead

നുഹ് കലാപം: കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍; വീണ്ടും നിരോധനാജ്ഞ

നുഹ് കലാപം: കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍; വീണ്ടും നിരോധനാജ്ഞ
X

നൂഹ്: ഹരിയാനയിലെ നൂഹില്‍ വിഎച്ച്പി റാലിയോടനുബന്ധിച്ചുണ്ടായ കലാപവുമായി ബന്ധപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എയെ അറസ്റ്റ് ചെയ്തു. വര്‍ഗീയ സംഘര്‍ഷത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഫിറോസ്പൂര്‍ ജിര്‍ക്കയിലെ കോണ്‍ഗ്രസ് എംഎല്‍എ മാമ്മന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് വീണ്ടും സംഘര്‍ഷത്തിന് കാരണമായേക്കാമെന്ന നിഗമനത്തില്‍ നുഹ് ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ്എംഎസ് സേവനങ്ങളും നിരോധിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനമെന്ന് ഹരിയാന സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂലൈ 31ന് വിഎച്ച്പി നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നൂഹ് മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ മാമ്മന്‍ ഖാനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ധാരാളം തെളിവുകള്‍ ലഭിച്ചെന്നാണ് ഹരിയാന പോലിസ് പറയുന്നത്. നേരത്തെ, അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മാമ്മന്‍ ഖാന് നുഹ് പോലിസ് രണ്ടുതവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍, വൈറല്‍ പനി കാരണം സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹരജിയില്‍ ഒക്ടോബര്‍ 19ന് വാദം കേള്‍ക്കാനിരിക്കെയാണ് അറസ്റ്റ് ചെയ്തത്. കലാപം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഹരിയാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഇദ്ദേഹം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ നുഹ് കലാപവുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കെതിരേ ബുള്‍ഡോസര്‍രാജ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. മുസ് ലിം വേട്ടയ്‌ക്കെതിരേ മാമ്മന്‍ ഖാന്‍ എംഎല്‍എ ഉള്‍പ്പെടെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ വിരോധത്തിനാണ് കോണ്‍ഗ്രസ് എംഎല്‍എയെ കേസില്‍ പ്രതിയാക്കിയതെന്ന ആക്ഷേപവും ശക്തമാണ്. അക്രമം നടന്ന ദിവസം നുഹില്‍ പോലും ഇല്ലാതിരുന്ന തന്നെ കേസില്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് മാമ്മന്‍ ഖാന്‍ പറഞ്ഞു. എഫ്‌ഐആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് മാമ്മന്‍ ഖാന്‍ വ്യാഴാഴ്ചയാണ് അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്തമാക്കി. എന്നാല്‍, ശക്തമായ തെളിവുകളുടെയും ശരിയായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാവിനെ പ്രതിയാക്കിയതെന്നാണ് ഹരിയാന പോലിസ് കോടതിയെ അറിയിച്ചത്. ഫോണ്‍ കോള്‍ രേഖകളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് പോലിസ് അറിയിച്ചു. മമ്മന്‍ ഖാനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

എംഎല്‍എയുടെ അറസ്റ്റിനു പിന്നാലെയാണ് നൂഹ് ജില്ലയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, വെള്ളിയാഴ്ചത്തെ ജുമുഅ പ്രാര്‍ത്ഥന വീടുകളില്‍ നടത്തണമെന്ന വിചിത്രവാദവും ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി വി എസ് എന്‍ പ്രസാദ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. സമാധാനത്തിനും പൊതു ക്രമത്തിനും ഭംഗം സംഭവിക്കുന്നത് തടയാനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും സപ്തംബര്‍ 16 വരെ ബാധകമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. നുഹ് ഡെപ്യൂട്ടി കമ്മീഷണറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 31ന് നുഹില്‍ വിഎച്ച്പി നടത്തിയ റാലിയോടനുബന്ധിച്ചാണ് നൂഹിലും പരിസരത്തും വ്യാപക ആക്രമണം അരങ്ങേറിയത്. പള്ളി ഇമാം ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ആയിരങ്ങള്‍ പലായനം ചെയ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെ, നൂഹിലെ വിഎച്ച്പി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിലെ മുഖ്യ ആസൂത്രകനായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെ കഴിഞ്ഞ ദിവസം ഹരിയാന പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ ജുനൈദ്-നാസിര്‍ എന്നിവരെ വാഹനത്തില്‍ ചുട്ടുകൊന്നത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ മോനു മനേസറിനെ രാജസ്ഥാന്‍ പോലിസിനു കൈമാറിയിരിക്കുകയാണ്.


Next Story

RELATED STORIES

Share it