Sub Lead

ബിജെപി 'പ്രേതം' വിട്ടൊഴിയാതെ മധ്യപ്രദേശ്; വീണ്ടും എന്‍എസ്എ ചുമത്തി പോലിസ്

മധ്യപ്രദേശിലെ അഗര്‍ മല്‍വ ജില്ലയിലാണ് കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് രണ്ടു പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തിയതെന്ന് പോലിസ് വ്യക്തമാക്കി.

ബിജെപി പ്രേതം വിട്ടൊഴിയാതെ മധ്യപ്രദേശ്;  വീണ്ടും എന്‍എസ്എ ചുമത്തി പോലിസ്
X

ഭോപ്പാല്‍: കോണ്‍ഗ്രസ് അധികാരത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും മധ്യപ്രദേശില്‍ ബിജെപി ഭരണത്തിന്റെ പ്രേതം വിട്ടൊഴിയുന്നില്ല. കഴിഞ്ഞ ദിവസം ഗോഹത്യ ആരോപിച്ച് മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തി കേസെടുത്തതില്‍ വിവാദം കത്തിനില്‍ക്കെ കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് രണ്ടു പേര്‍ക്കെതിരേ വീണ്ടും ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി കേസെടുത്തതായി പോലിസ്. മധ്യപ്രദേശിലെ അഗര്‍ മല്‍വ ജില്ലയിലാണ് കന്നുകാലികളെ അനധികൃതമായി കടത്തിയെന്നാരോപിച്ച് രണ്ടു പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തിയതെന്ന് പോലിസ് വ്യക്തമാക്കി.

മഹ്ബൂബ് ഖാന്‍, റൊദുമാള്‍ മാളവ്യ എന്നിവരെ അനധികൃത കാലിക്കടത്തുമായി ബന്ധപ്പെട്ട് ഉജ്ജെയിന്‍ ജയിലിലേക്ക് അയച്ചതായി പോലിസ് പറഞ്ഞു. 20കാരായ ഇരുവര്‍ക്കുമെതിരേ നേരത്തേയും കാലിക്കടത്തുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് പോലിസ് ജില്ലാ സൂപ്രണ്ട് മനോജ് സിങ് പറഞ്ഞു.

ഇവരുടെ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ നേരത്തേയും സമാന കേസുകളില്‍ പിടിയിലായതായി കണ്ടെത്തിയെന്നും തുടര്‍ന്ന് ജില്ലാ കലക്ടര്‍ അജയ് ഗുപ്തയും അനുമതി പ്രകാരം എന്‍എസ്എ ചുമത്തുകയായിരുന്നുവെന്നും മനോജ് സിങ് പറഞ്ഞു.

കന്ദ്വ ജില്ലയില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു മുസ്ലിം യുവാക്കള്‍ക്കെതിരേ എന്‍എസ്എ ചുമത്തിയതിനെതിരേ പാര്‍ട്ടിക്കകത്തുനിന്ന് ഉള്‍പ്പെടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നതിനിടെയാണ് വീണ്ടും എന്‍എസ്എ ചുമത്തി കേസെടുത്തത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മന്ത്രിയുമായ ദ്വിഗ് വിജയ് സിങ് എന്‍എസ്എ ചുമത്തിയതിനെതിരേ കടുത്ത വിമര്‍ശനമഴിച്ചുവിട്ടിരുന്നു.

Next Story

RELATED STORIES

Share it