Sub Lead

'മനുഷ്യാവകാശ ലംഘനമില്ല': മുസ് ലിം നവദമ്പതികളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് യുപി പോലിസ്

മനുഷ്യാവകാശ ലംഘനമില്ല: മുസ് ലിം നവദമ്പതികളെ മര്‍ദ്ദിച്ചതിനെ ന്യായീകരിച്ച് യുപി പോലിസ്
X

ലക്‌നോ: 'ലൗ ജിഹാദ്' നടത്തി വിവാഹം നടത്തുന്നുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വിവാഹം തടഞ്ഞ് മുസ് ലിം നവദമ്പതികളെ സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തെ ന്യായീകരിച്ച് യുപി പോലിസ്. സംഭവത്തില്‍ നിയമ ലംഘനങ്ങളോ മനുഷ്യാവകാശ ലംഘനങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പോലിസ് വാദം. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ നിന്നുള്ള ദമ്പതികളെയാണ് കഴിഞ്ഞ ദിവസം പോലിസെത്തി വിവാഹം തടയുകയും സ്‌റ്റേഷനിലെത്തിച്ച ശേഷം വരനെ മര്‍ദ്ദിക്കുകയും ചെയ്തത്. ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച് നിര്‍ബന്ധിച്ച് മതംമാറ്റി മുസ് ലിം യുവാവ് വിവാഹം കഴിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് എത്തിയത്. എന്നാല്‍, രണ്ടു പേരും മുസ് ലിംകളാണെന്നു തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പിറ്റേന്നാണ് ഇവരെ വിട്ടയച്ചചത്. ഇതിനിടെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിചിത്ര ന്യായീകരണവുമായി പോലിസെത്തിയത്.

തങ്ങള്‍ നിയമം ലംഘിച്ചിട്ടില്ലെന്നും സംസ്ഥാനത്തിന് കീഴിലുള്ള പുതിയ കര്‍ശന നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം പ്രകാരം ക്രിമിനല്‍ കുറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനായി പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്നും യുപി പോലിസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് സംസ്ഥാന തലസ്ഥാനമായ ലകനോവില്‍ നിന്ന് 325 കിലോമീറ്റര്‍ അകലെയുള്ള കുശിനഗറില്‍ 39 വയസുള്ള യുവാവിന്റെയും 28 വയസ്സുള്ള യുവതിയുടെയും വിവാഹം മുടക്കി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. രാത്രി മുഴുവന്‍ ഇവരെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ചു.

'ഗ്രാമത്തില്‍ ഒരു ഹിന്ദു സ്ത്രീ നിര്‍ബന്ധിതമായി വിവാഹിതയാവുന്നുണ്ടെന്നും വരന്‍ മുസ് ലിം ആണെന്നും ഒരാള്‍ ഞങ്ങളെ അറിയിച്ചു. പോലിസ് സ്ഥലത്തെത്തി എല്ലാവരെയും സ്‌റ്റേഷനിലേക്കു ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. യുവതി അയല്‍പ്രദേശമായ അഅ്‌സംഗഡ് ജില്ലയില്‍ നിന്നുള്ളതാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. അവള്‍ മുസ് ലിം ആണെന്നും സമ്മതത്തോടെയാണ് വിവാഹം കഴിക്കുന്നതെന്നും വിവരം ലഭിച്ചപ്പോള്‍ കുടുംബവുമായി ബന്ധപ്പെടുകയും അവര്‍ക്ക് കൈമാറുകയും ചെയ്തതായി കുശിനഗര്‍ പോലിസ് മേധാവി വിനോദ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ദമ്പതികളെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തുപോവാന്‍ അനുവദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളെ സ്‌റ്റേഷനുള്ളില്‍ വച്ച് മര്‍ദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നു പോലിസ് പറയുന്നു. പരാതി ലഭിച്ചതോടെ പ്രതികളെ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നും പോലിസ് പറഞ്ഞു.

നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനെതിരായ സംസ്ഥാനത്തെ പുതിയ നിയമത്തിന്റെ നഗ്‌നമായ ദുരുപയോഗമല്ലേ എന്ന ചോദ്യത്തിന്, ഒരാള്‍ വിവാഹ ആവശ്യത്തിനായി മാത്രം പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ മാത്രമേ ഇത് ബാധകമാവൂവെന്നും ഇത് അങ്ങനെയല്ലെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. 'ഇത് നിയമത്തിന്റെ ദുരുപയോഗമല്ല. എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും വിട്ടയച്ചു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിരുന്നു. കാണാതായെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്' കുശിനഗര്‍ പോലിസ് മേധാവി വിനോദ് കുമാര്‍ സിങ് അറിയിച്ചു.

വ്യാജവിലാസം നല്‍കിയോ നിര്‍ബന്ധിതമായോ മതംമാറ്റി വിവാഹം കഴിക്കുന്നത് തടയുകയെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ പുതുതായി കര്‍ശന നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യും. വിവാഹശേഷം മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് രണ്ട് മാസം മുമ്പ് നോട്ടീസ് നല്‍കണം. മതം മാറിയ വ്യക്തി തന്റെ മാറ്റവും വിവാഹവും നിര്‍ബന്ധിതമല്ലെന്ന് തെളിയിക്കേണ്ടതാണെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. രാജ്യത്തെ എല്ലാവിധ ഏജന്‍സികളും അന്വേഷിച്ചിട്ടും കെട്ടുകഥയാണെന്നു തെളിഞ്ഞ 'ലൗ ജിഹാദ്' വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും മിശ്രവിവാഹം, പ്രത്യേകിച്ച് മുസ് ലിം യുവാക്കളും ഇതര മതത്തിലെ പെണ്‍കുട്ടികളും തമ്മിലുള്ള വിവാഹം തടയുകയുമാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

"No Violation Of Human Rights": UP Cops' Defence After Stopping Muslim Couple's Wedding

Next Story

RELATED STORIES

Share it