Sub Lead

കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് മമതാ ബാനര്‍ജി; ഇന്‍ഡ്യ സഖ്യത്തില്‍ വിള്ളല്‍

കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്ന് മമതാ ബാനര്‍ജി; ഇന്‍ഡ്യ സഖ്യത്തില്‍ വിള്ളല്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലേക്കും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കുമെന്നും ഫലം വന്ന ശേഷം മാത്രമേ കോണ്‍ഗ്രസുമായി സമ്പൂര്‍ണ ഇന്‍ഡ്യ സഖ്യം പരിഗണിക്കൂവെന്നും മമത ബാനര്‍ജി. പ്രതിപക്ഷ വിശാല മുന്നണിയായ ഇന്‍ഡ്യ സഖ്യത്തില്‍ കനത്ത തിരിച്ചടിയായാണ് മമതയുടെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. 'ഞാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ല. ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്നാ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. ഞാന്‍ കോണ്‍ഗ്രസിന് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി. പക്ഷേ എല്ലാം തള്ളി. അതില്‍ എന്ത് ചെയ്യുമെന്ന് എനിക്ക് ആശങ്കയില്ല. പക്ഷേ ഞങ്ങള്‍ ഒരു മതേതര പാര്‍ട്ടിയാണ്. ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത പറഞ്ഞു.

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയെയും മമത വിമര്‍ശിച്ചു. ന്യായ് യാത്ര വ്യാഴാഴ്ച ബംഗാളില്‍ പ്രവേശിക്കുന്നതിനു മുമ്പാണ് മമതയുടെ വിമര്‍ശനം. 'അവര്‍ എന്റെ സംസ്ഥാനത്തേക്ക് വരുന്നു. എന്നാല്‍ ഞാന്‍ ഇന്‍ഡ്യ ബ്ലോക്കിന്റെ ഭാഗമായിട്ടും എന്നെ അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. അതിനാല്‍ ബംഗാളിനെ സംബന്ധിച്ചിടത്തോളം താനുമായി ഒരു ബന്ധവുമില്ലെന്നും മമത പറഞ്ഞു. മമതയ്ക്ക് സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുമായുള്ള അവരുടെ ബന്ധം ഊഷ്മളമല്ലെന്നാണ് മനസ്സിലാവുന്നത്. 'ഇന്‍ഡ്യ സഖ്യത്തില്‍ ഉണ്ടാവും. എന്നാല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോരാടും. ബംഗാളില്‍ തൃണമൂലിന് മാത്രമേ ബിജെപിയെ പാഠം പഠിപ്പിക്കാന്‍ കഴിയൂ. അതിന് രാജ്യത്തിന് വിജയത്തിലേക്കുള്ള വഴി കാണിക്കാന്‍ കഴിയുമെന്നും മമത പറഞ്ഞു.

അതേസമയം, മമതജിയില്ലാത്ത ഇന്‍ഡ്യാ സംഘത്തെ തന്റെ പാര്‍ട്ടിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നും ബംഗാളിലെ ലോക്‌സഭാ സീറ്റുകളില്‍ എല്ലാ ഇന്ത്യന്‍ സഖ്യ കക്ഷികളും ഒറ്റക്കെട്ടായി പോരാടുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം അസമിലെ യാത്രയിലാണ് ജയറാം രമേശ് ഉള്ളത്. അതേസമയം, പശ്ചിമ ബംഗാളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള മമതാ ബാനര്‍ജിയുടെ തീരുമാനം നിരാശയുടെ സൂചനയാണെന്നും തന്റെ രാഷ്ട്രീയ അടിത്തറ നിലനിര്‍ത്താന്‍ കഴിയാതെ, തിരഞ്ഞെടുപ്പിന് ശേഷവും തനിക്ക് പ്രസക്തിയുണ്ടാവുമെന്ന പ്രതീക്ഷയില്‍ എല്ലാ സീറ്റുകളിലും മല്‍സരിക്കാന്‍ അവള്‍ ആഗ്രഹിക്കുകയാണെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരിഹസിച്ചു. ലോക്‌സഭാ സീറ്റുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമാവാത്തതാണ് മമതയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. സംസ്ഥാനത്ത് 10 മുതല്‍ 12 വരെ ലോക്‌സഭാ സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മമത എതിര്‍ത്തിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ടുനില ചൂണ്ടിക്കാട്ടി രണ്ടു സീറ്റുകളാണ് മമത വാഗ്ദാനം ചെയ്തത്. 2014ല്‍ നാല് സീറ്റും 2019ല്‍ രണ്ട് സീറ്റും മാത്രമാണ് കോണ്‍ഗ്രസ് ബംഗാളില്‍ നേടിയത്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷും കോണ്‍ഗ്രസിന്റെ വിലപേശലിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനിടെ, മമത ബാനര്‍ജി എന്നോടും ഞങ്ങളുടെ പാര്‍ട്ടിയോടും വളരെ അടുപ്പമുള്ളയാളാണെന്നും ചിലപ്പോഴൊക്കെ ഇരുപക്ഷവും പരസ്പരം വിമര്‍ശിക്കുന്നത് സ്വാഭാവികം മാത്രമാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it