Sub Lead

കൊവിഡ് ലക്ഷണങ്ങളില്ല; കണ്ണൂരില്‍ നിരീക്ഷണ ക്യാംപുകളിലുള്ളവരെല്ലാം വീട്ടിലേക്കു മടങ്ങി

കൊവിഡ് ലക്ഷണങ്ങളില്ല; കണ്ണൂരില്‍ നിരീക്ഷണ ക്യാംപുകളിലുള്ളവരെല്ലാം വീട്ടിലേക്കു മടങ്ങി
X

കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പല നിരീക്ഷണ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ പേരും വീടുകളിലേക്ക് മടങ്ങി. വിവിധ ക്യാംപുകളിലായി കഴിഞ്ഞിരുന്ന 235 പേരില്‍ ഒരാള്‍ക്ക് പോലും രോഗലക്ഷണം കണ്ടെത്താതിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍, മുന്‍കരുതലെന്ന നിലയില്‍ ഇവരോട് വീടുകളില്‍ 14 ദിവസം കൂടി ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ കൊവിഡ് രോഗം ഭേദമായവരില്‍ കൂടുതല്‍ പേരും കണ്ണൂരില്‍ നിന്നുള്ളവരാണ്. രോഗം സ്ഥിരീകരിച്ചിരുന്ന 56 പേരില്‍ 28 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്. സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികില്‍സയും പരിചരണവുമാണ് രോഗം വേഗം സുഖപ്പെടാന്‍ കാരണമെന്നാണ് ആശുപത്രി വിട്ടവര്‍ പറയുന്നത്.

അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളജിനെ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയാക്കി മാറ്റുകയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 11 ദിവസം മുമ്പാണ് സമ്പൂര്‍ണ കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇവിടെ നിന്നു ഒമ്പതു പേരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒമ്പതുപേരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എട്ടുപേരും ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ടുപേരും രോഗം ഭേദപ്പെട്ട് വീടുകളിലെത്തി. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് രോഗം ഭേദമായി മടങ്ങിയവരില്‍ ഗര്‍ഭിണിയുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ദുബയില്‍നിന്നും മടങ്ങിയെത്തിയവരില്‍ നിന്നും മറ്റുമായി നിരവധി പേര്‍ക്കാണ് കൊവിഡ് രോഗമുണ്ടായത്. ഇതിനു പിന്നാലെ നിരവധി പേര്‍ നിരീക്ഷണത്തിലായിരുന്നു.

ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 9403 പേരാണ്. ഇവരില്‍ 92 പേര്‍ ആശുപത്രിയിലും 9311 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 46 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 8 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 28 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 765 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 639 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 570 എണ്ണം നെഗറ്റീവാണ്. 126 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 56 പോസറ്റീവ് കേസുകളുണ്ട്. ഇതില്‍ ഒരാള്‍ പുതുച്ചേരിയില്‍ ഉള്‍പ്പെടുന്ന മാഹി സ്വദേശിയാണ്.


Next Story

RELATED STORIES

Share it