Sub Lead

മധ്യപ്രദേശില്‍ ഹിജാബ് നിരോധനം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍

മധ്യപ്രദേശില്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു വിവാദവുമില്ല. ഹിജാബ് നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

മധ്യപ്രദേശില്‍ ഹിജാബ് നിരോധനം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍
X

ഭോപ്പാല്‍: മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തെച്ചൊല്ലി മുസ്‌ലിം പെണ്‍കുട്ടികള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സര്‍ക്കാറിന്റെ പ്രസ്താവന.

മധ്യപ്രദേശില്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു വിവാദവുമില്ല. ഹിജാബ് നിരോധനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഹിജാബ് വിഷയത്തില്‍ ഒരുതരത്തിലുള്ള ആശയക്കുഴപ്പവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മറ്റൊരു സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ വിഷയത്തില്‍ വാദം നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പാര്‍മര്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണയ്ക്കുകയും ഹിജാബ് നിരോധിക്കണമെന്നും പറഞ്ഞതിന് പിന്നാലെയാണ് മിശ്രയുടെ പ്രതികരണം. അതേസമയം, താന്‍ ഹിജാബ് വിഷയത്തില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് പാര്‍മര്‍ വ്യക്തമാക്കിയിട്ടുണ്ട്.

'താന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. തങ്ങള്‍ പുതിയ യൂനിഫോം കോഡ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. യൂനിഫോമിനെ സംബന്ധിച്ച് സ്‌കൂളുകളില്‍ നിലവിലുള്ള സ്ഥിതി തന്നെയായിരിക്കും തുടര്‍ന്നും ഉണ്ടായിരിക്കുക'- പാര്‍മര്‍ പറഞ്ഞു.

എന്നാല്‍, ഹിജാബ് നിരോധനം സംഭവിച്ചാല്‍ അത് മധ്യപ്രദേശിലും കൊണ്ടുവരും. തങ്ങള്‍ അതിനനുസരിച്ച് നടപടിയെടുക്കുമെന്നും പാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it