Sub Lead

'മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല'; യൂ ട്യൂബ് ചാനല്‍ ചര്‍ച്ചയിലെ സ്വാമിയുടെ വാദം പൊളിച്ച് അവതാരകനും കാമറാമാനും, ട്രോള്‍ മഴ (വീഡിയോ)

മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല; യൂ ട്യൂബ് ചാനല്‍ ചര്‍ച്ചയിലെ സ്വാമിയുടെ വാദം പൊളിച്ച് അവതാരകനും കാമറാമാനും, ട്രോള്‍ മഴ (വീഡിയോ)
X

പാലക്കാട്: യൂ ട്യൂബ് ചാനലില്‍ നടന്ന ഒരു ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്ന് ബിഹൈന്‍ഡ് ഫുഡ്‌സ് എയര്‍ എന്ന യൂ ട്യൂബ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു സ്വാമി നടത്തിയ പരാമര്‍ശമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. മതത്തെപ്പറ്റിയായിരുന്നു ചര്‍ച്ച. കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ജില്ലയുണ്ടെന്നായിരുന്നു ചര്‍ച്ചയ്ക്കിടെ സ്വാമി പറഞ്ഞത്.

ഏത് ജില്ലയാണെന്ന് പേര് പറയണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇതോടെ മലപ്പുറം ആണെന്ന് സ്വാമിക്ക് പറയേണ്ടിവന്നു. ഇതോടെയാണ് അവതാരകന്‍ സ്വാമിയുടെ വാദങ്ങളെ പൊളിച്ചടുക്കിയത്. താന്‍ മലപ്പുറം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഈ ഷോ പകര്‍ത്തുന്ന കാമറാമാന്‍ മലപ്പുറം സ്വദേശിയാണെന്നും അവതാരകന്‍ പറയുന്നു.

ഇതോടെ അങ്ങനെ ഒരാള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നായി സ്വാമി. ചര്‍ച്ചയ്ക്കിടെ നേരിട്ട് ഇക്കാര്യം കാമറാമാനോട് അവതാരകന്‍ ചോദിക്കുന്നുമുണ്ട്. അപ്പോള്‍ അതേ ഞാന്‍ മലപ്പുറമാണ്, അവിടെ ആര്‍ക്ക് വേണമെങ്കിലും പോവാമെന്ന് മറുപടി. ഈ സമയത്ത് കാമറ ആ കാമറാമാനിലേക്ക് തിരിയുന്നുമുണ്ട്. ഇതോടെ സംഘപരിവാര്‍ കാലങ്ങളായി മലപ്പുറം ജില്ലയ്‌ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച സ്വാമിക്ക് മറുപടിയില്ലാതായി.

ചര്‍ച്ചയ്ക്ക് പിന്നാലെ സ്വാമിക്കെതിരേ വ്യാപക ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'മുകേഷിന്റെ ഒത്തില്ല' എന്ന ഡയലോഗുപയോഗിച്ചുള്ള മീമാണ് മിക്ക ട്രോളുകളിലും ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്തിനെതിരേ നേരത്തെയും സമാനരീതിയില്‍ നിരവധി പ്രചാരണങ്ങള്‍ സംഘപരിവാര്‍ ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ചാനല്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ സംഘപരിവാറിന്റെ മലപ്പുറം ജില്ലയോടുള്ള വെറുപ്പും സമൂഹമാധ്യമങ്ങളില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ട്.

ചാനല്‍ ചര്‍ച്ചയിലെ സംഭാഷണം ഇങ്ങനെ

സ്വാമി: കേരളത്തിലെ ഒരു ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല

ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു യുവതി: ഏത് ജില്ല എന്ന് ചോദിക്ക്

അവതാരകന്‍: ഏത് ജില്ലയാണത്.

സ്വാമി : മലപ്പുറം. മലപ്പുറം ജില്ല

അവതാരകന്‍: ഞാന്‍ മലപ്പുറം പോയിട്ടുണ്ട്. (കാമറാമാനെ ചൂണ്ടി) അയാളും മലപ്പുറമാണ്. നിങ്ങള്‍ മലപ്പുറമല്ലെ.

സ്വാമി: അങ്ങനെയുണ്ടെന്ന് അവിടെയുള്ള ഒരാള്‍ പറഞ്ഞതാണ്

കാമറമാന്‍: അതേ മലപ്പുറമാണ്. അവിടെ ആര്‍ക്ക് വേണമെങ്കിലും പോവാം.


Next Story

RELATED STORIES

Share it