Sub Lead

തെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്‍എസ്എസ് ബോംബേറ് കേസ് അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്

കേസന്വേഷിച്ചിരുന്ന ന്യൂമാഹി പോലിസില്‍നിന്ന് കേസ് ഏറ്റെടുത്ത സിബിസിഐഡി സംഘം തെളിവില്ലെന്ന വാദമുയര്‍ത്തി, 2021ലാണ് തെളിയിക്കാന്‍ കഴിയാത്ത കേസുകളുടെ കൂട്ടത്തില്‍ പെടുത്തി അന്വേഷണം അവസാനിപ്പിച്ചത്.

തെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്‍എസ്എസ് ബോംബേറ് കേസ് അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്
X

സ്വന്തം പ്രതിനിധി

തലശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. ബോംബേറില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പ്രതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കി നല്‍കിയ കേസിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ അട്ടിമറി. കേസ് പരിഗണിച്ചിരുന്ന തലശ്ശേരി കോടതിയില്‍ ഇതുസംബന്ധിച്ച ഒരു രേഖയും നിലവിലില്ല. കേസന്വേഷിച്ചിരുന്ന ന്യൂമാഹി പോലിസില്‍നിന്ന് കേസ് ഏറ്റെടുത്ത സിബിസിഐഡി സംഘം തെളിവില്ലെന്ന വാദമുയര്‍ത്തി, 2021ലാണ് തെളിയിക്കാന്‍ കഴിയാത്ത കേസുകളുടെ കൂട്ടത്തില്‍ പെടുത്തി അന്വേഷണം അവസാനിപ്പിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത നങ്ങാറത്തുപീടികയിലെ പൊതുയോഗത്തിന് ബോംബെറിഞ്ഞ സംഭവത്തില്‍ ആറു ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് ന്യൂമാഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.കോടിയേരി സ്വദേശികളായ പ്രശാന്ത് കൊമ്മല്‍വയല്‍, മൈലാട്ടില്‍ വൈശാഖ്, രൂപേഷ് കൊമ്മല്‍വയല്‍, നിധിന്‍ബാബു, രഗിനേഷ്, ദില്‍ജിത്ത് എന്നിവര്‍ക്കെതിരേയാണ് ഐപിസിയിലെ 1860ലെ 143, 147, 148, 324,149 വകുപ്പുകളും 1908ലെ സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ 3, 5 വകുപ്പുകളും ചുമത്തി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

2017 ജനുവരി 26ന് വൈകീട്ട് 7.30ഓടെ കോടിയേരി മാടപ്പീടിക ഗുംട്ടിയില്‍ ബിജെപി പ്രവര്‍ത്തകരായ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റംചെയ്യണമെന്ന ഉദ്ദേശത്തോടെ മാരകായുധങ്ങളുമായി സംഘടിച്ചെത്തുകയും ഒന്നാം പ്രതി കൈയിലുണ്ടായിരുന്ന ബോംബ് എറിയുകയുമായിരുന്നുവെന്നാണ് പോലിസ് എഫ്‌ഐആര്‍. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പരാതിക്കാരന്‍ ശരത് ശശിക്ക് പരിക്കേറ്റതായും സംഭവത്തിന് കാരണം രഷ്ട്രീയ വിരോധമാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.

ബോംബെറിഞ്ഞ സംഭവത്തില്‍ ന്യൂമാഹി പോലിസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 69/17 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പ്രതികളുണ്ടെന്നും പ്രതികളില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെല്ലാവരും ബിജെപി അനുഭാവികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തില്‍ വി ടി ബല്‍റാം എംഎല്‍എയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തലശ്ശേരി നങ്ങാറത്തുപീടികയില്‍ സിപിഎം സംഘടിപ്പിച്ച കെ പി ജിജേഷ് അനുസ്മരണസമ്മേളനത്തില്‍ കോടിയേരി പ്രസംഗിക്കവെയായിരുന്നു ഉഗ്ര സ്‌ഫോടനമുണ്ടായത്. രാത്രി 7.30ഓടെ പൊതുയോഗ വേദിയില്‍നിന്ന് നൂറ്റമ്പതോളം മീറ്റര്‍ മാറിയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഡിവൈഎഫ്‌ഐ മേഖല ജോയന്റ് സെക്രട്ടറി ശരത്ത് ശശിക്ക് പരിക്കേറ്റിരുന്നു. കഴുത്തിന് പരിക്കേറ്റ ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.ബൈക്കിലത്തെിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് സിപിഎം ആരോപിക്കുകയും പ്രതികാരമെന്നോണം നിരവധി ബിജെപി ഓഫിസുകള്‍ക്കു നേരെ ആക്രമണമുണ്ടാവുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഏറെ പ്രമാദമായ കേസില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യുകയോ കുറ്റംപത്രം സമര്‍പ്പിക്കുകയോ ചെയ്യാതെ കേസ് അവസാനിപ്പിച്ച നടപടി സിപിഎം-ആര്‍എസ്എസ് ഒത്തു തീര്‍പ്പിന്റെ ഭാഗമാണെന്ന ആരോപണം ശക്തമാണ്.

Next Story

RELATED STORIES

Share it