Sub Lead

യുപിയില്‍ 3000 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയിട്ടില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

യുപിയില്‍ 3000 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയിട്ടില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
X

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ 3300 ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ജിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ തങ്ങളുടേതല്ലെന്നും തങ്ങള്‍ അത്തരമൊരു കണ്ടെത്തല്‍ നടത്തിയിട്ടില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ് മൈനിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് റിപോര്‍ട്ട് നല്‍കിയത്. ആകെ 160 കിലോ സ്വര്‍ണശേഖരം മാത്രമാണ് ജിഎസ്‌ഐ ഇതുവരെ കണ്ടെത്തിയത്. ഇതുസംബന്ധിച്ച വ്യക്തത വരുത്താന്‍ സംസ്ഥാന മൈനിങ് വകുപ്പുമായി ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.



ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ 3000 ടണ്‍ സ്വര്‍ണ നിക്ഷേപം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. സോന്‍ പഹാഡി, ഹാര്‍ദി മേഖലകളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതെന്നായിരുന്നു വാര്‍ത്ത. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ചെയ്തതോടെ മറ്റു ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. ഇന്ത്യയുടെ സ്വര്‍ണനിക്ഷേപത്തിന്റെ ഏതാണ്ട് അഞ്ചിരട്ടി വരുന്ന സ്വര്‍ണ നിക്ഷേപത്തിനു 12 ലക്ഷം കോടി രൂപ വിലമതിക്കുമെന്നായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. വാര്‍ത്ത വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് വിശദീകരണവുമായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രംഗത്തെത്തിയത്. 1992-93 കാലഘട്ടത്തില്‍ സോന്‍ഭദ്ര മേഖലയില്‍ സ്വര്‍ണഖനനം തുടങ്ങിയിരുന്നു. 28 വര്‍ഷത്തിന് ശേഷമാണ് ഇവിടെ സ്വര്‍ണശേഖരം കണ്ടെത്തുന്നത്. ഇന്ത്യയുടെ സ്വര്‍ണശേഖരം നിലവില്‍ 626 ടണ്‍ ആണെന്നാണ് ലോകസ്വര്‍ണ കൗണ്‍സിലിന്റെ കണക്ക്. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ടത് ഏതാണ്ട് 3000 ടണ്‍ ആണെന്നാണ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാര്‍ത്തകളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.


Next Story

RELATED STORIES

Share it