Sub Lead

ഇറാനുമായി ഏറ്റുമുട്ടാനില്ല; ഇസ്രായേലിനോട് അമേരിക്ക

ഇറാനുമായി ഏറ്റുമുട്ടാനില്ല; ഇസ്രായേലിനോട് അമേരിക്ക
X



വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് നെതന്യാഹു ബൈഡനെ ഫോണില്‍ വിളിച്ചിരുന്നു. ഇതിനിടയിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല. ഇറാന്റെ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും തകര്‍ക്കാന്‍ സാധിച്ചതിനാല്‍ ശനിയാഴ്ച രാത്രിയിലെ സംഭവം ഇസ്രായേല്‍ വിജയമായി കണക്കാക്കണമെന്നും ജോ ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു.

ഇറാന്റെ 70ലധികം ഡ്രോണുകളും കുറഞ്ഞത് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്. യു.എസ് നേവിയുടെ രണ്ട് ഡിസ്‌ട്രോയറുകള്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവ രണ്ടും മിസൈല്‍, ഡ്രോണ്‍ വിക്ഷേപണങ്ങളെ തടയാന്‍ കഴിവുള്ള യുദ്ധക്കപ്പലുകളാണ്.

യു.എസ് യുദ്ധവിമാനങ്ങളും ഇസ്രായേലിന് നേരെ ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ വെടിവച്ചു വീഴ്ത്തിയതായി മറ്റൊരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായും യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങള്‍ ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണയ്ക്കാനും തങ്ങള്‍ മടിക്കില്ല. ശനിയാഴ്ച രാത്രിയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ധീരരായ യു.എസ് സേനാംഗങ്ങളെ അഭിനന്ദിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിക്കുമെന്നും ഓസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍ ഇനി ആക്രമിച്ചാല്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സ്വതസിദ്ധമായ സ്വയരക്ഷ അവകാശം ആവശ്യമുള്ളപ്പോള്‍ വിനിയോഗിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ അംബാസഡറും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ അമീര്‍ സഈദ് ഇരവാനി പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍ -ഇറാന്‍ സംഘര്‍ഷത്തില്‍ ചൈന ആശങ്ക രേഖപ്പെടുത്തി. ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ ബാക്കിപത്രമാണ് പുതിയ സംഘര്‍ഷമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യു.എന്‍ രക്ഷാസമിതി പ്രമേയം കാലതാമസം കൂടാതെ നടപ്പാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it