Sub Lead

എന്‍ എം വിജയന്റെ കുടുംബം നിരാഹാരസമരത്തിന്

എന്‍ എം വിജയന്റെ കുടുംബം നിരാഹാരസമരത്തിന്
X

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം നിരാഹാരസമരത്തിന്. ഡിസിസി ഓഫീസിന് മുന്നില്‍ മക്കളോടൊപ്പം നിരാഹാരമിരിക്കുമെന്ന് വിജയന്റെ മരുമകള്‍ പത്മജ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുടെ വഞ്ചനയ്‌ക്കെതിരെയും വിജയന്റെ കട ബാധ്യത ഏറ്റെടുക്കുമെന്ന കെപിസിസിയുടെ കരാര്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗാന്ധി ജയന്തി ദിനം മുതല്‍ സമരം ആരംഭിക്കുന്നത്.

ഇൗ മാസം 30നകം ബാധ്യത കോണ്‍ഗ്രസ് തീര്‍ത്തുനല്‍കണം. കോണ്‍ഗ്രസിനുവേണ്ടിയാണ് വീടും സ്ഥലവും എന്‍ എം വിജയന്‍ പണയപ്പെടുത്തിയത്. ഇതെടുത്ത് നല്‍കിയില്ലെങ്കില്‍ നാലുവയസ്സുകാരിയായ മകളടക്കം സമരമിരിക്കും. കോണ്‍ഗ്രസ് തന്ന പണമുപയോഗിച്ച് ബിസിനസ് തുടങ്ങിയെന്ന ടി സിദ്ദിഖ് എംഎല്‍എയുടെ അധിക്ഷേപം സഹിക്കാനാകാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 25 ലക്ഷം രൂപ നല്‍കാമെന്നും ബാങ്കിലെ കടം വീട്ടാമെന്നുമാണ് നേതാക്കള്‍ ഏകപക്ഷീയമായി കരാറുണ്ടാക്കിയത്. ഇതുപോലും പാലിക്കാതെ വഞ്ചിക്കുകയാണ്. 20 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്.

പാര്‍ട്ടി പറഞ്ഞാല്‍ ബാങ്ക് വായ്പയില്‍ നടപടിയെടുക്കുമെന്ന ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനും ഡിസിസി സെക്രട്ടറിയുമായ ഡി പി രാജശേഖരന്റെ ഭീഷണിയില്‍ ഭയമുണ്ട്. നുണപ്രചാരണം നടത്തി അപമാനിക്കുകയാണ് പാര്‍ടി. ബിസിനസ് തുടങ്ങാനാണ് വിജയന്‍ വായ്പയെടുത്തതെന്ന വാദം തെറ്റാണ്. 'ജന്‍ ഒൗഷധി' ആരംഭിക്കുന്നത് വേറേ ബാങ്കില്‍നിന്ന് വായ്പയെടുത്താണ്. അച്ഛന്റെ ആത്മഹത്യാക്കുറിപ്പില്‍ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്തത് കോണ്‍ഗ്രസിനായാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്ന് നേതാക്കള്‍ പ്രചരിപ്പിക്കുന്നു. സംസ്ഥാന നേതൃത്വത്തിന് ഇങ്ങനെയൊരു അഭിപ്രായമുണ്ടോയെന്ന് വ്യക്തമാക്കണം. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയാണ്. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വഞ്ചനയിലും സമൂഹമാധ്യമ അക്രമണത്തിലും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു.

Next Story

RELATED STORIES

Share it