Top

ദ്വീപ് വിലയ്ക്ക് വാങ്ങി; രാജ്യംവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ഇക്വഡോറില്‍ 'സ്വന്തം രാജ്യം'

'ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യ'മെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങള്‍ അതിന്റെ പരിശുദ്ധിയോടെ ആചരിക്കാന്‍ സാധിക്കാത്ത ലോകത്തെമ്പാടുമുള്ള ഹൈന്ദവര്‍ ചേര്‍ന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ദ്വീപ് വിലയ്ക്ക് വാങ്ങി; രാജ്യംവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് ഇക്വഡോറില്‍

ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് രാജ്യംവിട്ട വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ ഒരുവര്‍ഷമായി സെന്‍ട്രല്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുള്ളതായി റിപോര്‍ട്ട്. പോലിസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കുവാങ്ങിയ നിത്യാനന്ദ അതിന് 'കൈലാസ രാജ്യം' എന്ന് പേരിട്ടിരിക്കുകയാണ്. രാജ്യത്തിന്റെ പേരില്‍ https://kailaasa.org എന്ന വിലാസത്തില്‍ പ്രത്യേക വെബ്‌സൈറ്റും തുടങ്ങി.

'ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യ'മെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങള്‍ അതിന്റെ പരിശുദ്ധിയോടെ ആചരിക്കാന്‍ സാധിക്കാത്ത ലോകത്തെമ്പാടുമുള്ള ഹൈന്ദവര്‍ ചേര്‍ന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള രാജ്യം പരമാധികാര റിപ്പബ്ലിക് ആണെന്ന് ബെബ്‌സൈറ്റ് അവകാശപ്പെടുന്നു. ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും കുടിയിറക്കപ്പെട്ട ഹിന്ദുക്കള്‍ക്കായുള്ള അതിര്‍ത്തികളില്ലാത്ത രാജ്യമാണ് കൈലാസം.

സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുമതാചാരങ്ങള്‍ വച്ചുപുലര്‍ത്താന്‍ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കുള്ള സ്വതന്ത്രരാജ്യമാണിത്. രാജ്യത്തിന് സ്വന്തമായി പാസ്‌പോര്‍ട്ടും പതാകയുമുണ്ടെന്നു പറയുന്ന നിത്യാനന്ദ, ഇതിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. കൈലാസരാജ്യം യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ രീതി എന്നിവയില്‍ അധിഷ്ഠിതമാണെന്നും സൗജന്യ ആരോഗ്യപരിചരണവും സൗജന്യവിദ്യാഭ്യാസവും സൗജന്യഭക്ഷണവും എല്ലാവര്‍ക്കും ക്ഷേത്ര അധിഷ്ഠിത ജീവിതരീതിയും അത് മുന്നോട്ടുവയ്ക്കുന്നതായും വെബ്‌സൈറ്റിലുണ്ട്. സ്വന്തം രാജ്യത്തെ പൗരന്‍മാരാവാന്‍ ആളുകളെ ക്ഷണിക്കുന്ന രാജ്യത്തിനായി നിത്യാനന്ദ, രാജ്യം മുന്നോട്ടുകൊണ്ടുപോവുന്നതിന് പൗരന്‍മാര്‍ ഉദാരമായി സംഭാവന നല്‍കണമെന്ന അഭ്യര്‍ഥനയും നടത്തുന്നുണ്ട്.

നിത്യാനന്ദയുടെ വെബ്‌സൈറ്റ് 2018 ഒക്ടോബറിലാണ് നിര്‍മിച്ചത്. പാനമയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇതിന്റെ ഐപി അമേരിക്കയിലെ ഡാലസിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവസാനമായി അപ്‌ഡേറ്റ് ചെയ്യപ്പെട്ടത് 2019 ഒക്ടോബറിലാണെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു. ബലാത്സംഗ കേസില്‍ അറസ്റ്റുണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് പോലുമില്ലാത്ത നിത്യാനന്ദ ഇന്ത്യ വിട്ടത്. ഇക്കാര്യം ഗുജറാത്ത് പോലിസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2018 സപ്തംബറില്‍ അവസാനിച്ചിരുന്നു.

പാസ്‌പോര്‍ട്ടില്ലാതെ ഇയാള്‍ എങ്ങനെ രാജ്യംവിട്ടു എന്നതോ എവിടേയ്ക്കാണ് പോയിരിക്കുന്നതെന്നതോ വ്യക്തമല്ല. രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ നിത്യാനന്ദയ്‌ക്കെതിരേ പോലിസ് അന്വേഷണം നടക്കുകയാണ്. കേസില്‍ നിത്യാനന്ദയുടെ പ്രാണപ്രിയ, പ്രാണതത്വ എന്നീ അനുയായികള്‍ റിമാന്‍ഡിലാണ്. രാജശേഖരന്‍ എന്ന സ്വാമി നിത്യാനന്ദ തമിഴ്‌നാട് സ്വദേശിയാണ്. ബംഗളൂരുവിനടുത്ത് ബിഡാദിയില്‍ 2000 ത്തില്‍ ആശ്രമം സ്ഥാപിച്ച് സ്വാമി നിത്യാനന്ദ എന്നപേരില്‍ സ്വയം ആള്‍ദൈവമായി മാറുകയായിരുന്നു.

Next Story

RELATED STORIES

Share it