Sub Lead

യെമനില്‍ പോവാന്‍ അനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍; കേന്ദ്രത്തിന് നിവേദനം നല്‍കാമെന്ന് സുപ്രിംകോടതി

യെമനില്‍ പോവാന്‍ അനുമതി വേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍; കേന്ദ്രത്തിന് നിവേദനം നല്‍കാമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനക്കാര്യം ചര്‍ച്ച ചെയ്യാന്‍ യെമനില്‍ പോവാന്‍ അനുമതി നല്‍കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. നിമിഷ പ്രിയ കൊലപ്പെടുത്തിയ യെമനി പൗരന്റെ കുടുംബവുമായി മോചനക്കാര്യം ചര്‍ച്ച ചെയ്യാന്‍ അനുമതി വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. നിവേദനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണം.

നിമിഷയുടെ വധശിക്ഷ യെമന്‍ സര്‍ക്കാര്‍ മരവിപ്പിച്ചതായി ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത് കോടതിയെ അറിയിച്ചു. യെമനിലെ സൂഫി പണ്ഡിതനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ ഒന്നും പറയുന്നില്ലെന്നും കേന്ദ്രസര്‍ക്കാരുമായി ആക്ഷന്‍ കൗണ്‍സിലിന് സംസാരിക്കാമെന്നും കോടതി പറഞ്ഞു. മോശം ഫലമുണ്ടാക്കുന്ന ഒരു കാര്യവും നടക്കരുതെന്നാണ് ആഗ്രഹമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ വെങ്കട്ടരമണി കോടതിയെ അറിയിച്ചു. നിമിഷ പ്രിയ സുരക്ഷിതയായി തിരികെ വരണമെന്ന് മാത്രമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് യെമനില്‍ പോവുന്ന കാര്യത്തിന് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കാന്‍ ആക്ഷന്‍ കൗണ്‍സിലിന് കോടതി നിര്‍ദേശം നല്‍കിയത്. കേസ് ഇനി ആഗസ്റ്റ് 14ന് പരിഗണിക്കും.

Next Story

RELATED STORIES

Share it