Sub Lead

'മാവോവാദി പ്രസ്ഥാനത്തിൽ നേരിട്ട് പങ്ക്' ; സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ

സ്വാമിക്കെതിരെ സമാനമായ കേസ് മുമ്പ് ജാർഖണ്ഡിലും ഫയൽ ചെയ്തിട്ടുണ്ടെന്ന് എൻഐഎ സത്യവാങ്മൂലത്തിൽ പറഞ്ഞു.

മാവോവാദി പ്രസ്ഥാനത്തിൽ നേരിട്ട് പങ്ക് ; സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ
X

മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആദിവാസി അവകാശ പ്രവർത്തകനായ സ്റ്റാൻ സ്വാമി സമർപ്പിച്ച ജാമ്യാപേക്ഷയെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) എതിർത്തു. സ്റ്റാൻ സ്വാമിക്ക് മാവോവാദി പ്രസ്ഥാനത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻഐഎ കോടതിയിൽ പറഞ്ഞു.

83 കാരനായ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി ഒക്ടോബർ എട്ടിനാണ് ഭീമാ കൊറേ​ഗാവ് കേസിൽ അറസ്റ്റിലായത്. ഇപ്പോൾ നവി മുംബൈയിലെ തലോജ ജയിലിൽ തടവിൽ കഴിയുകയാണ്.

സ്വാമിക്കെതിരെ സമാനമായ കേസ് മുമ്പ് ജാർഖണ്ഡിലും ഫയൽ ചെയ്തിട്ടുണ്ടെന്ന് എൻഐഎ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഭീമാ കൊറേ​ഗാവ് കേസിനാസ്പദമായ സംഭവത്തിന്റെ ​ഗൂഡാലോചനയിൽ സ്റ്റാൻ സ്വാമിക്ക് ആഴത്തിലുള്ള പങ്കുണ്ടെന്നും മാവോവാദി പ്രസ്ഥാനത്തിൽ നേരിട്ട് പങ്കുണ്ടെന്നും തെളിയിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് എൻഐഎ അവകാശപ്പെട്ടു.

സ്വാമിയുടെ കമ്പ്യൂട്ടറിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ രേഖകൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ജാമ്യാപേക്ഷ നിരസിക്കണമെന്നും കേന്ദ്ര ഏജൻസി വാദിച്ചു. പ്രത്യേക എൻ‌ഐ‌എ കോടതി ഡിസംബർ 21 ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it