Sub Lead

ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയ്ക്ക് രണ്ടു വര്‍ഷം; ഇരകളെ അനുസ്മരിച്ച് ന്യൂസിലന്റ്

മുസ്‌ലിം സഹോദരി സഹോദരങ്ങളെ പിന്തുണക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് ന്യൂസ്‌ലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു

ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയ്ക്ക് രണ്ടു വര്‍ഷം; ഇരകളെ അനുസ്മരിച്ച് ന്യൂസിലന്റ്
X

ക്രൈസ്റ്റ്ചര്‍ച്ച്: ലോകം നടുങ്ങിത്തരിച്ച ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊലയുടെ രണ്ടാംവാര്‍ഷികം അനുസ്മരിച്ച് ന്യൂസിലന്റ്. 2019 മാര്‍ച്ച് 15നാണ് മതവെറി പൂണ്ട ക്രൈസ്തവ യുവാവ് ന്യൂസ്‌ലാന്റ് നഗരമായ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളിലേക്ക് യന്ത്രത്തോക്കുകളുമായി ഇരച്ചുകയറിയ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ക്കുനേരെ നിര്‍ദാക്ഷിണ്യം വെടിയുതിര്‍ത്തത്.

ആസ്‌ത്രേലിയന്‍ വംശജനും തീവ്രവംശീയ വാദിയുമായ ബ്രന്റണ്‍ ടാറന്റ് എന്ന ക്രൈസ്തവ മതവെറിയാനായിരുന്നു ആക്രമണത്തിന് പിന്നില്‍. 51 പേരാണ് ഇരു ആക്രമണങ്ങളിലുമായി മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിന് ഇരയായവരെ ആദരിക്കാനും കൊല്ലപ്പെട്ടവരുടെ ഓര്‍മപുതുക്കാനും ശനിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ച് അറീനയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്ത അനുസ്മരണ പരിപാടി കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ റദ്ദാക്കിയിരുന്നു.

മുസ്‌ലിം സഹോദരി സഹോദരങ്ങളെ പിന്തുണക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് പരിപാടിയില്‍ പങ്കെടുത്ത് ന്യൂസ്‌ലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ആക്രമണത്തിന് ഇരയായി വെടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വെടിയേറ്റതിന്റെ നീറുന്ന ഓര്‍മകളും തങ്ങളുടെ ഉറ്റവര്‍ കൊല്ലപ്പെട്ടതിന്റെ വേദനയും വികാരനിര്‍ഭരരായാണ് അവര്‍ വിവരിച്ചത്. മസ്ജിദ് അധികൃതരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു.

ആക്രമണത്തിനിരയായവരോടും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ന്യൂസ്‌ലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ദെന്‍ സ്വീകരിച്ച അനുകമ്പയും നിലപാടും ലോകപ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ രാജ്യത്ത് തോക്കുകളുടെ നിയന്ത്രണം കര്‍ശനമാക്കാനുള്ള അവരുടെ നീക്കത്തെയും ലോകരാഷ്ട്രങ്ങള്‍ പ്രശംസിച്ചിരുന്നു. അതേസമയം, 51 പേരെ കൊന്നതിനും 40 പേരെ വധിക്കാന്‍ ശ്രമിച്ചതിനും 30കാരനായ പ്രതി ടാറന്റിനെ കഴിഞ്ഞ വര്‍ഷം ന്യൂസ്‌ലാന്റ് കോടതി പരോള്‍ അനുവദിക്കാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ആസ്‌ത്രേലിയന്‍ പൗരനായ ബ്രെന്റണ്‍ ടാരന്റ് അല്‍നൂര്‍ പള്ളിയില്‍ നടത്തിയ വെടിവയ്പില്‍ 44 പേരും ലിന്‍വുഡ് പള്ളിയിലേക്ക് പോവുന്നതിനിടെ നടത്തിയ വെടിവയ്പില്‍ ഏഴു പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം 30 കാരനായ ടാരന്റിനെ പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇയാള്‍ക്കെതിരേ 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍,തീവ്രവാദം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

Next Story

RELATED STORIES

Share it