Top

'രാജസ്ഥാനം', 'പഞ്ചാബ', 'നാഗാലാന്റം'; ഇന്ത്യയുടെ പുതിയ സംസ്‌കൃത ഭൂപടം പുറത്തിറക്കി

'അഫ്ഗാനിസ്താനം', 'പാകിസ്താനം', 'ഇസ് ലാമാബാദ', 'പെഷവാരം'. ചൈനയെ 'ചീന്‍ഗണ്‍രാജ്യം'(ചൈന റിപ്പബ്ലിക്) എന്നാണ് അടയാളപ്പെടുത്തുന്നത്.

ന്യൂഡല്‍ഹി: ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി 18 വര്‍ഷത്തിനിടെ ഇതാദ്യമായി സര്‍വേ ഓഫ് ഇന്ത്യ സംസ്‌കൃത ഭാഷയില്‍ ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറക്കി. അടല്‍ ബിഹാരി വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2002ലാണ് ഇത്തരമൊരു മാപ്പ് അവസാനമായി പുറത്തിറക്കിയത്. സംസ്‌കൃതവും ഹിന്ദി ഭൂപടങ്ങളും വിജ്ഞാന ഭവനില്‍ വെള്ളിയാഴ്ച കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍ അനാച്ഛാദനം ചെയ്തു.

ഭൂപടത്തില്‍ നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും മിക്ക പേരുകളും ഹിന്ദിയിലേതിന് സമാനമാണ്. എന്നാല്‍ സംസ്‌കൃതമാവുമ്പോഴേക്കും ഈ പേരുകള്‍ക്കൊപ്പം 'ആം', 'അഹ്' എന്നിങ്ങനെയുള്ള അധിക സംസ്‌കൃത പ്രയോഗങ്ങളും കടന്നുകൂടിയിട്ടുണ്ട്. ഉദാഹരണത്തിന് രാജസ്ഥാന്‍ 'രാജസ്ഥാനം' എന്നും പഞ്ചാബ് 'പഞ്ചാബ' എന്നും കേരള 'കേരളം' എന്നും കര്‍ണാടക 'കര്‍ണാടകാഹ്' എന്നുമാണുമുള്ളത്. ഇംഗ്ലീഷില്‍ എഴുതുന്ന നാഗാലാന്‍ഡിനു പിന്നിലും 'ആം' ചേര്‍ത്തിട്ടുണ്ട്. ഇതുപ്രകാരം മാപ്പില്‍ 'നാഗാലാന്റം' എന്നാണ് വിളിക്കുന്നത്. ലഡാക്കിലെയും ജമ്മു കശ്മീരിലെയും പുതിയ കേന്ദ്രഭരണ പ്രദേശങ്ങളെ 'ലഡാകഹ്', 'ജമ്മു കശ്മീരഹ്' എന്നാണ് വിശേഷിപ്പിക്കുന്നത്. മുംബൈയും കൊല്‍ക്കത്തയും അതേപടി നിലനില്‍ക്കുമ്പോള്‍ ഡല്‍ഹി 'ദില്ലിഹ്' എന്നും ചെന്നൈ 'ചെന്നൈയ്ഹ്' എന്നും ഗാങ്‌ടോക്ക് 'ഗാങ് ടോക്ക'യുമായി മാറിയിട്ടുണ്ട്. നദികളുടെ പേരുകള്‍ കൂടുതലും സംസ്‌കൃതത്തില്‍ നിന്നുള്ളതിനാല്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. അതേസമയം ജലസംഭരണികളെ 'ഗോവിന്ദ് സാഗര', 'നാഗാര്‍ജുന സാഗര' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അയല്‍രാജ്യങ്ങളെയും അവരുടെ നഗരങ്ങളെയും സംസ്‌കൃതത്തിലാണ് നല്‍കിയിട്ടുള്ളത്. 'അഫ്ഗാനിസ്താനം', 'പാകിസ്താനം', 'ഇസ് ലാമാബാദ', 'പെഷവാരം'. ചൈനയെ 'ചീന്‍ഗണ്‍രാജ്യം'(ചൈന റിപ്പബ്ലിക്) എന്നാണ് അടയാളപ്പെടുത്തുന്നത്. അതേസമയം, ടിബറ്റിനെ ചൈന വിളിക്കുന്നതുപോലെ 'ടിബത്ത് സ്വയാത് ക്ഷേത്രം' എന്നാണ് വിളിക്കുന്നത്. 1977 മുതല്‍ ഇടയ്ക്കിടെ പ്രസിദ്ധീകരിച്ചശേഷം സംസ്‌കൃത ഭൂപടം തിരിച്ചുവന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഭാഗമായ സര്‍വേ ഓഫ് ഇന്ത്യ 1979, 1983, 1988, 1997, 2002 വര്‍ഷങ്ങളില്‍ സംസ്‌കൃത ഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ പതിവായി മാപ്പുകള്‍ ഇംഗ്ലീഷിലും ചിലപ്പോള്‍ ഹിന്ദിയിലും പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഇപ്പോള്‍ എല്ലാ പ്രാദേശിക ഭാഷകളിലും മാപ്പുകള്‍ പതിവായി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ (റിട്ട.) ലഫ്റ്റനന്റ് ജനറല്‍ ഗിരീഷ് കുമാര്‍ ദി പ്രിന്റിനോട് പറഞ്ഞു. സംസ്‌കൃതം ഒരു പുരാതന ഭാഷയായതിനാല്‍ ഞങ്ങള്‍ തീര്‍ച്ചയായും അതിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കുമായി സംസ്‌കൃത ഭൂപടങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഹിന്ദി മേഖലകളില്‍. ഹരിദ്വാറിലെയും ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലെയും സംഘടനകളും സ്ഥാപനങ്ങളും ഇത്തരം മാപ്പുകള്‍ ആവശ്യപ്പെടുന്നു. 2002ല്‍ അവസാനമായി സംസ്‌കൃത ഭൂപടം പ്രസിദ്ധീകരിച്ചശേഷം നിരവധി ഭരണപരമായ മാറ്റങ്ങള്‍ സംഭവിച്ചതായി സര്‍വേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ പങ്കജ് മിശ്ര ചൂണ്ടിക്കാട്ടി.

'കഴിഞ്ഞ നവംബറില്‍ ഇംഗ്ലീഷ് മാപ്പ് അനാച്ഛാദനം ചെയ്തു, ഇത് വളരെയധികം താല്‍പ്പര്യം സൃഷ്ടിച്ചു. ഹെല്‍പ്പ് ഡെസ്‌കുകള്‍ക്കും എക്‌സിബിഷനുകള്‍ക്കുമായി ആളുകള്‍ മറ്റ് ഔദ്യോഗിക ഭാഷകളില്‍ പതിപ്പുകള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, അച്ചടി സംവിധാനങ്ങള്‍ പോലും ഡിജിറ്റലാണ്. അതിനാല്‍, ഈ മാപ്പുകള്‍ ഏതെങ്കിലും ഭാഷയില്‍ നിര്‍മിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ആവശ്യമനുസരിച്ച് ഞങ്ങള്‍ മാപ്പുകളുടെ പ്രിന്റുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി സര്‍വേ ഓഫ് ഇന്ത്യ പ്രാദേശിക ഭാഷകളില്‍ സംസ്ഥാന മാപ്പുകള്‍ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ.

Next Story

RELATED STORIES

Share it