Top

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി പുതിയ പദ്ധതി: മുഖ്യമന്ത്രി

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി പുതിയ പദ്ധതി: മുഖ്യമന്ത്രി

കണ്ണൂര്‍: പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് ഭവനപദ്ധതിയുടെ ആദ്യമൂന്ന് ഘട്ടങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വീട് ലഭ്യമാക്കാനായി അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് വീടുകളുടെ ജില്ലാതല പ്രഖ്യാപനവും ഗുണഭോക്താക്കളുടെ സംഗമവും കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളിലായി നേരത്തേ നിര്‍മാണം ആരംഭിച്ച് പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ലൈഫിന്റെ ഒന്നാംഘട്ടത്തിലും, ഭൂമിയുള്ളവര്‍ക്ക് വീട് വച്ചുനല്‍കുന്ന രണ്ടാംഘട്ടത്തിലും, ഭൂരഹിതരായ ഭവനരഹിതര്‍ക്കായി പാര്‍പ്പിട സമുച്ചയം ഒരുക്കുന്ന മൂന്നാംഘട്ടത്തിലും നിലവിലുള്ള മാനദണ്ഡപ്രകാരം അര്‍ഹതാ പട്ടികയില്‍ പെടാതിരുന്ന നിരവധി ആളുകള്‍ നാട്ടിലുണ്ട്. സ്വന്തമായി വീട് നിര്‍മിക്കാന്‍ പ്രയാസമുള്ള അവര്‍ ആശങ്കപ്പെടേണ്ടതില്ല. അവരെ കൂടി ഉള്‍ക്കൊള്ളിച്ച് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. അതോടെ അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലൈഫിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി 54183 വീടുകളാണ് നിര്‍മിക്കുന്നത്. ഇവയില്‍ 96 ശതമാനവും നിര്‍മാണം പൂര്‍ത്തിയായി. രണ്ടാംഘട്ടത്തിലെ 91147 വീടുകളില്‍ 60524 വീടുകളാണ് ഇതിനകം പൂര്‍ത്തിയാക്കാനായത്. ബാക്കിയുള്ളവ വളരെ വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാംഘട്ടത്തിലേക്ക് ഒരു ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി സ്ഥലങ്ങള്‍ കണ്ടെത്തി നടപടികള്‍ പുരോഗമിക്കുകയാണ്. 10 ഫഌറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. 56 ഫഌറ്റുകളുടെ പദ്ധതിരേഖ തയ്യാറായിവരികയാണ്. ഫെബ്രുവരിയോടെ ഇവയുടെ നിര്‍മാണം തുടങ്ങാനാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എല്ലാ പാര്‍പ്പിട പദ്ധതികളും സമന്വയിപ്പിച്ചാണ് ലൈഫ് ഭവനപദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. വീട് നിര്‍മിക്കാനുള്ള നാല് ലക്ഷം രൂപയില്‍ പിഎംഎവൈ ഗ്രാമീണ്‍ പദ്ധതിയില്‍ 72000 രൂപയും പിഎംഎവൈ അര്‍ബന്‍ പദ്ധതിയില്‍ 1.5 ലക്ഷം രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. ബാക്കി സംഖ്യ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. അതുകൊണ്ട് ഈ വീടുകളെയും ലൈഫിന്റേതായി കാണുന്നതില്‍ ആര്‍ക്കും പ്രയാസമുണ്ടാവേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ലക്ഷം ലൈഫ് പിഎംഎവൈ ലൈഫ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്റെ ഉല്‍സവം ഏതാനും നാളുകള്‍ക്കകം കേരളം ആഘോഷിക്കാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് റിപോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ ടി വി രാജേഷ്, എ എന്‍ ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സര്‍ക്കാറിന്റെ വികസന ഉപദേഷ്ടാവ് സി എസ് രഞ്ജിത്ത്, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ യു വി ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമള, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍, കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡന്റ് എം രാഘവന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ പി ജയബാലന്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വെള്ളോറ രാജന്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് ഡയരക്ടര്‍ കെ എം രാമകൃഷ്ണന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി കെ ദിലീപ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ലൈഫ്മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ എന്‍ അനില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it