Sub Lead

നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍; നിയമനം ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി

നാല് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍; നിയമനം ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി
X

ന്യൂഡല്‍ഹി: രാജ്യത്തെ നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഗുജറാത്ത്, ഗുവാഹത്തി, ത്രിപുര, ജമ്മു & കശ്മീര്‍ ലഡാക്ക് എന്നീ ഹൈക്കോടതികളിലേക്കാണ് നിയമനം. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ട്വിറ്ററിലൂടെയാണ് നിയമനവിവരം അറിയിച്ചത്. എന്നാല്‍, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ തീരുമാനം വന്നില്ല. ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയാ ഗിരിധര്‍ ഗൊകാനി, ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിങ്, ഗുവാഹത്തി ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മു കശ്മീര്‍ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് എന്‍ കോടിശ്വര്‍ സിങ് എന്നിവരുടെ നിയമന ഉത്തരവാണ് ഇന്ന് വന്നത്.

ഗുജറാത്ത് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് സോണിയ ഗിരിധര്‍ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ ഹൈക്കോടതിയിലെ ഏക വനിതാ ചീഫ് ജസ്റ്റിസാവും. എന്നാല്‍, ഫെബ്രുവരി 25ന് 62 വയസ് തികയുമ്പോള്‍ ജസ്റ്റിസ് ഗോകാനി സ്ഥാനമൊഴിയും. ഫെബ്രുവരി 22ന് ജസ്റ്റിസ് ജസ്വന്ത് സിങ്ങും വിരമിക്കും. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് കൊളീജീയം പട്‌ന ഹൈക്കോടതിയിലേക്കുള്ള ശുപാര്‍ശ നല്‍കിയത്.

അലഹബാദ്, കര്‍ണാടക, മദ്രാസ് ഹൈക്കോടതികളിലേക്ക് അഡീഷനല്‍ ജഡ്ജിമാരായി നിരവധി ജുഡീഷ്യല്‍ ഓഫിസര്‍മാരെയും അഭിഭാഷകരെയും ഉയര്‍ത്തിയ വിവരം കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര നിയമനീതി മന്ത്രാലയം പുറത്തുവിട്ടിരുന്നു. മൂന്ന് ഹൈക്കോടതികളിലായി 13 ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കും അഭിഭാഷകര്‍ക്കുമാണ് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സയ്യിദ് ഖമര്‍ ഹസന്‍ റിസ്വി, മനീഷ് കുമാര്‍ നിഗം, അനീഷ് കുമാര്‍ ഗുപ്ത, നന്ദ് പ്രഭ ശുക്ല, ക്ഷിതിജ് ശൈലേന്ദ്ര, വിനോദ് ദിവാകര്‍ എന്നിവര്‍ക്കാണ് അലഹബാദ് ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്.

അഭിഭാഷകരായ വിക്ടോറിയ ഗൗരി, പിള്ളപാക്കം ബഹുകുടുമ്പി ബാലാജി, കന്ദസാമി കുളന്തൈവേലു രാമകൃഷ്ണന്‍, ജുഡീഷ്യല്‍ ഓഫീസര്‍മാരായ രാമചന്ദ്ര കലൈമതി, കെ ഗോവിന്ദരാജന്‍ തിലകവാടി എന്നിവരെ മദ്രാസ് ഹൈക്കോടതിയിലും അഭിഭാഷകരായ വിജയകുമാര്‍ അടഗൗഡ, പാട്ടീല്‍, രാജേഷ് റായ് കല്ലങ്കാല എന്നിവരെ കര്‍ണാടക ഹൈക്കോടതിയിലും അഡീഷണല്‍ ജഡ്ജിമാരായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.

Next Story

RELATED STORIES

Share it