Sub Lead

ഇന്ത്യയില്‍ വംശഹത്യയ്ക്ക് ശ്രമിച്ചാല്‍ മുസ്‌ലിംകള്‍ തിരിച്ചടിക്കുമെന്ന്: നസറുദ്ദീന്‍ ഷാ

തീവ്രഹിന്ദുത്വ ശക്തികളുടെ മുസ്‌ലിം വംശഹത്യാ, വംശീയ ഉന്‍മൂല ആഹ്വാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം.

ഇന്ത്യയില്‍ വംശഹത്യയ്ക്ക് ശ്രമിച്ചാല്‍ മുസ്‌ലിംകള്‍ തിരിച്ചടിക്കുമെന്ന്: നസറുദ്ദീന്‍ ഷാ
X

മുംബൈ: ഇന്ത്യയില്‍ മുസ്‌ലിം വംശഹത്യയ്ക്കും വംശീയ ഉന്മൂലനത്തിനും ശ്രമമുണ്ടായാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നടന്മാരില്‍ ഒരാളായ നസീറുദ്ദീന്‍ ഷാ. ഓണ്‍ലൈന്‍ മാധ്യമമായ ദി വയറില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപറിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തീവ്രഹിന്ദുത്വ ശക്തികളുടെ മുസ്‌ലിം വംശഹത്യാ, വംശീയ ഉന്‍മൂല ആഹ്വാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഷായുടെ പ്രതികരണം.

'ചവിട്ടി മെതിക്കാന്‍ വന്നാല്‍, തങ്ങള്‍ തിരിച്ചടിക്കും.. അങ്ങനെ വന്നാല്‍, തങ്ങളുടെ വീടുകളേയും കുട്ടികളേയും കുടുംബത്തേയും സംരക്ഷിക്കുന്നതിന് തങ്ങള്‍ അതു ചെയ്യുമെന്നും' അദ്ദേഹം വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദ് എന്ന പരിപാടിയില്‍ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതിനെതിരെയും നസറുദ്ദീന്‍ ഷാ ആഞ്ഞടിച്ചു. 'അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമോ? 200 ദശലക്ഷം തിരിച്ചടിക്കാന്‍ പോകുന്നു. ഞങ്ങള്‍ ഇവിടെയുള്ളവരാണ്. ഞങ്ങള്‍ ഇവിടെ ജനിച്ചു, ഇവിടെ ജീവിക്കും'- ഷാ പറഞ്ഞു. ഇത് രാജ്യത്തെ 'ആഭ്യന്തര യുദ്ധ'ത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കരണ്‍ ഥാപ്പറിന് നല്‍കിയ 35 മിനിറ്റുള്ള അഭിമുഖത്തില്‍ 'നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ ഒരു മുസ് ലിമായിരിക്കുക എന്നതിന് എന്താണ് തോന്നുന്നത്'-എന്നായിരുന്നു പ്രധാന ചോദ്യം. മോദിയുടെ ഇന്ത്യയില്‍ മുസ്‌ലിംകള്‍ അരികുവത്ക്കരിക്കപ്പെട്ടതായും രണ്ടാം തരം പൗരന്‍മാരെ പോലെ എല്ലാ മേഖലകളിലും ചുരുങ്ങി കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ഇതു സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങളെ അരക്ഷിതരാക്കാനുള്ള യോജിച്ച ശ്രമം നടക്കുന്നുണ്ടെന്ന് നസിറുദ്ദീന്‍ ഷാ ദി വയറിനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഇത് ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ്.' എന്നാല്‍, തങ്ങള്‍ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുസ്‌ലിംകള്‍ക്കിടയില്‍ ഭയം പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്, എന്നാല്‍, ഇത് തങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് സമ്മതിക്കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇത് എന്റെ വീടായതിനാല്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നുന്നില്ല പക്ഷേ, തന്റെ മക്കള്‍ക്ക് എന്ത് സംഭവിക്കുമെന്നതില്‍ തനിക്ക് ആശങ്കയുണ്ട്-ഷാ പറഞ്ഞു.

വംശഹത്യയ്ക്കും വംശീയ ഉന്മൂലനത്തിനും വേണ്ടിയുള്ള ആഹ്വാനത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൂര്‍ണ്ണ നിശബ്ദത പാലിച്ചതില്‍ അദ്ദേഹം രോഷം പ്രകടിപ്പിച്ചു. അദ്ദേഹം ഇത് കാര്യമാക്കുന്നില്ലെന്ന് ഷാ കുറ്റപ്പെടുത്തി.വംശഹത്യ ഭീഷണി മുഴക്കിയ ആളുകളെ ശിക്ഷിക്കുന്നില്ലെന്ന് മാത്രമല്ല, പ്രധാനമന്ത്രി അവരെ ട്വിറ്ററില്‍ പിന്തുടരുന്നുവെന്നും നസിറുദ്ദീന്‍ ഷാ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it