Sub Lead

തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണം; ഹരജിയുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ബോംബെ ഹൈക്കോടതിയില്‍

തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണം; ഹരജിയുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് ബോംബെ ഹൈക്കോടതിയില്‍
X

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെ ചോദ്യംചെയ്ത് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക്ക് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് നവാബ് മാലിക് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട അധോലോക കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് 62 കാരനായ മന്ത്രിയെ ഫെബ്രുവരി 23ന് ഇഡി അറസ്റ്റ് ചെയ്തത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉടന്‍ വിട്ടയക്കണമെന്നും ഹരജിയില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്.

മാര്‍ച്ച് മൂന്നുവരെ ഇഡിയുടെ കസ്റ്റഡിയിലാണ് മാലിക്. ഫെബ്രുവരി 18ന് ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഛോട്ടാ ഷക്കീലിന്റെ സഹായി സലിം ഖുറേഷിയെയും ചോദ്യം ചെയ്തു. ദാവൂദ് ഇബ്രാഹിം തീവ്രവാദ ഫണ്ട് സ്വരൂപിക്കുന്നതായും ലഷ്‌കറെ തൊയ്ബ (എല്‍ഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഎം), അല്‍ ഖ്വയ്ദ (എക്യു) എന്നീ സംഘടനകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്ന് ഫെബ്രുവരി മൂന്നിന് വിവരം ലഭിച്ചതായി എന്‍ഐഎ പറയുന്നു. തന്റെ അടുത്ത സഹായികള്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ദാവൂദിനെതിരേ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തു. ഇയാളുടെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍, ഇഖ്ബാല്‍ മിര്‍ച്ചി എന്നിവര്‍ക്കും മറ്റ് 19 പേര്‍ക്കുമെതിരെയാണ് മറ്റൊരു കേസ്. പിന്നീട് രണ്ട് കേസുകളും ഇഡി ലയിപ്പിച്ചു. ഒമ്പത് റെയ്ഡുകള്‍ നടത്തി ദാവൂദിന്റെ സഹായികളുടെ സ്ഥലങ്ങളില്‍ നിന്ന് കുറ്റകരമായ രേഖകള്‍ കണ്ടെടുത്തതായാണ് കേന്ദ്ര അന്വേഷണ ഏജന്‍സി പറയുന്നത്. നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ ഇഡി സംഘം ആദ്യം അദ്ദേഹത്തെ ഒരുമണിക്കൂറോളം ചോദ്യം ചെയ്തു. പിന്നീട് മാലിക്കിനെ ഇഡി ഓഫിസിലേക്കു കൊണ്ടുപോയി. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ നവാബ് മാലിക് ദുരൂഹത ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപി നേതാക്കന്‍മാര്‍ക്കുമെതിരേ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹീമുമായി ബന്ധമുള്ളവരുമായി നവാബ് മാലിക്ക് നടത്തിയ ഭൂമിയിടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം.

Next Story

RELATED STORIES

Share it