Sub Lead

നാരദ കേസ്: രാത്രി അടിയന്തരമായി ഹര്‍ജി പരിഗണിച്ച് തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

ജാമ്യം റദ്ദാക്കിയ കോടതി പ്രതികളെ മെയ് 19 വരെ സിബിഐ കസ്റ്റഡിയില്‍വിട്ടു.

നാരദ കേസ്: രാത്രി അടിയന്തരമായി ഹര്‍ജി പരിഗണിച്ച് തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
X

കൊല്‍ക്കത്ത: നാരദ ഒളിക്യാമറ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതി. ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്താണ് ജാമ്യം റദ്ദാക്കിയത്.

സിബിഐ ഹര്‍ജി രാത്രി അടിയന്തരമായി പരിഗണിച്ചാണ് നടപടി. വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹഖീം, സുബ്രദാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്.

നേതാക്കളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെയും അറസ്റ്റ് ചെയ്യു എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ സിബിഐ ഓഫിസിലെത്തിയിരുന്നു. സിബിഐ ഓഫിസില്‍ കുത്തിയിരുന്ന് മമത പ്രതിഷേധിച്ചു. പുറത്ത് തൃണമൂല്‍ പ്രവര്‍ത്തകരും തടിച്ചുകൂടി. ബാരിക്കേഡുകള്‍ തകര്‍ത്ത ഇവര്‍ സിബിഐ ഓഫിസിന് നേരെ കല്ലേറിഞ്ഞിരുന്നു. ആറുമണിക്കൂറിലധികം സിബിഐ ഓഫിസിനുള്ളില്‍ മമത പ്രതിഷേധവുമായി തുടര്‍ന്നു.

ക്രമസമാധാനം തകരുകയാണെന്നും നിയമവ്യവസ്ഥ അംഗീകരിക്കാന്‍ മമത ബാനര്‍ജി തയ്യാറാകണമെന്നും ഗവര്‍ണര്‍ ജഗ്ദീപ് ദാങ്കര്‍ ആവശ്യപ്പെട്ടു. നിയമ സംവിധാനത്തിനെതിരേ അക്രമത്തിന് മുഖ്യമന്ത്രി തന്നെ ആഹ്വാനം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു. 2014ല്‍ നാരദ ന്യൂസ് പോര്‍ട്ടല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ അന്നത്തെ ഏഴ് തൃണമൂല്‍ എംപിമാരും നാല് മന്ത്രിമാരും ഒരു എംഎല്‍എയുമാണ് കൈക്കൂലി വാങ്ങിയത്. ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി, മുകുള്‍ റോയ് ഉള്‍പ്പടെയുള്ള നേതാക്കളും ഇതില്‍ ഉള്‍പെട്ടിരുന്നുവെങ്കിലും സിബിഐ അവരെ ഒഴിവാക്കിയതിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വന്നിരുന്നു.

Next Story

RELATED STORIES

Share it