Sub Lead

കളക്കാത്ത സന്ദനമേര വെഗു വേഗാ പൂത്ത്രിക്കും; അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ ദേശീയ പുരസ്കാര നിറവിൽ

അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു.

കളക്കാത്ത സന്ദനമേര വെഗു വേഗാ പൂത്ത്രിക്കും; അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ ദേശീയ പുരസ്കാര നിറവിൽ
X

ന്യൂഡൽഹി: അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കളക്കാത്ത സന്ദനമേര വെഗു വേഗാ പൂത്ത്രിക്കും എന്ന മനോഹര ​ഗാനത്തിലൂടെ മലയാളത്തിൻറെ മനസിലേക്ക് പാടിക്കയറിയ അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മ ഒടുവിൽ ദേശീയ അവാർഡിൻറെ നിറവിൽ. ഗോത്ര താളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ ഗാനത്തിലൂടെയാണ് നഞ്ചിയമ്മ മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരത്തിന് അ​ർഹയായിരിക്കുന്നത്.

ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അയ്യപ്പനും കോശിയും ഏറെ പുരസ്കാരം നേടുമെന്ന് കരുതിയിരുന്നെങ്കിലും നഞ്ചിയമ്മയുടെ പുരസ്കാരലബ്ധി തീർത്തും അപ്രതീക്ഷിതമായിരുന്നു. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. ‌‌

ഒറ്റ സിനിമയിലൂടെയാണ് പ്രശസ്തയായ ആദിവാസി കലാകാരിയാണ് നഞ്ചിയമ്മ. കേരളത്തിലെ ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്. നല്ലൊരു കൃഷിക്കാരിയും കൂടിയാണ് ഇവർ.

അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. യുട്യൂബിൽ റിലീസ് ചെയ്ത ഗാനം അന്ന് തന്നെ ദശലക്ഷക്കണക്കിന് വ്യൂ ആണ് നേടിയത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനത്തിൻറെ വരികൾ. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ആദിവാസി കലാകാരനും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമി നേതൃത്വം നൽകുന്ന ആസാദ് കലാ സംഘത്തിൽ അംഗമാണ് നഞ്ചിയമ്മ. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ജീവനാണ്. തലമുറകൾ കൈമാറി വന്ന ഈണങ്ങളാണ് നഞ്ചിയമ്മയിലൂടെ മലയാള സിനിമയിൽ എത്തിയത്.

ഛായാഗ്രഹയായ ഫൗസിയ ഫാത്തിമക്കു കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015 ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിക്കൊടുത്ത സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്.

Next Story

RELATED STORIES

Share it