Sub Lead

സ്‌കൂളുകളുടെ പേര്: വര്‍ഗീയത വളര്‍ത്താന്‍ കുപ്രചാരണവുമായി സെന്‍കുമാര്‍

സ്‌കൂളുകളുടെ പേര്: വര്‍ഗീയത വളര്‍ത്താന്‍ കുപ്രചാരണവുമായി സെന്‍കുമാര്‍
X

കോഴിക്കോട്: സ്‌കൂളുകള്‍ക്കു നല്‍കിയ പേരുകള്‍ ഉയര്‍ത്തിക്കാട്ടി വര്‍ഗീയത വളര്‍ത്താന്‍ കുപ്രചാരണവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെന്‍കുമാര്‍ വിഷം തുപ്പുന്ന പരാമര്‍ശവുമായെത്തിയത്. കരുനാഗപ്പള്ളി ഗവ. മുസ് ലിം എല്‍പി സ്‌കൂള്‍ കവാടത്തിന്റെ ചിത്രത്തോടൊപ്പം 'ആരെങ്കിലും ഒരു ഗവ. ഹിന്ദു സ്‌കൂളോ, ഗവ. ക്രിസ്ത്യന്‍ സ്‌കൂളോ കണ്ടിട്ടുണ്ടോ. ഇത് നിര്‍ത്തലാക്കണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഒരു മതവും വേണ്ട' എന്നാണ് പോസ്റ്റ് ചെയ്തത്. കേരളത്തില്‍ തന്നെ ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരിക്കെയാണ് കുപ്രചാരണമെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന പോലിസ് മേധാവി പദവിയില്‍ നിന്നു പോയ ശേഷം ആര്‍എസ്എസ് വേദികളിലെ സ്ഥിരസാന്നിധ്യമായി മാറിയ ടി പി സെന്‍കുമാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടരുകയാണെന്നതിന്റെ തെളിവാണിത്. നിരവധി പേരാണ് ചിത്രസഹിതം സെന്‍കുമാറിന്റെ വാദം തെറ്റാണെന്നു പോസ്റ്റിനു മറുപടിയായി നല്‍കിയിട്ടുള്ളത്.


കേരളത്തില്‍ തന്നെയുള്ള ചില സ്‌കൂളുകളുടെയും കോളജുകളുടെയും ചിത്രങ്ങളാണ് പലരും മറുപടിയായി നല്‍കിയിട്ടുള്ളത്. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ഗവ. ഹിന്ദു സ്‌കൂള്‍, ഇരിണാവ് ഹിന്ദു എഎല്‍പി സ്‌കൂള്‍ തുടങ്ങിയവയുടെയും മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കേരളത്തിനു പുറത്തുള്ള ബനാറസ് ഹിന്ദു സര്‍വകലാശാല, പശ്ചിമ ബംഗാളിലെ ഹിന്ദു സ്‌കൂള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും ചിലര്‍ നല്‍കിയിട്ടുണ്ട്. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതും എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലുള്ളതുമായി സ്‌കൂളുകള്‍ക്ക് ഹിന്ദു, മുസ് ലിം, മാപ്പിള, സെന്റ് ആന്റണീസ് തുടങ്ങിയ പേരുകള്‍ നല്‍കാറുണ്ട്. ഇത്തരം സ്‌കൂളുകളിലെല്ലാം തന്നെ എല്ലാ മത വിഭാഗത്തിലെയും കുട്ടികള്‍ പഠിക്കുന്നുണ്ടെന്നതും വസ്തുതയാണ്. മാത്രമല്ല, മതത്തിന്റെ അടിസ്ഥാനത്തിലല്ല അധ്യാപക നിയമനമെന്നതും എല്ലാവര്‍ക്കും അറിയാവുന്നതാണ്. സംസ്ഥാനത്തിന്റെ ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി പി സെന്‍കുമാറിന് ഇതേക്കുറിച്ച് അറിയാതെയാണ് പ്രചാരണമെന്നു കരുതാനാവില്ല. ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന വിധത്തിലുള്ള ഗുരുതരമായ കുപ്രചാരണമാണ് സെന്‍കുമാര്‍ ഇതുവഴി നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 8.24നു ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരാണ് കമ്മന്റ് ചെയ്യുന്നത്. സംഘപരിവാര സഹയാത്രികര്‍ സെന്‍കുമാറിനെ അനുകൂലിക്കുമ്പോള്‍ മറ്റു പലരും പോസ്റ്റിലെ വര്‍ഗീയപ്രചാരണം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ടെങ്കിലും പോസ്റ്റ് പിന്‍വലിക്കാന്‍ സെന്‍കുമാര്‍ തയ്യാറായിട്ടില്ല.


നേരത്തേ, ഡിജിപി സ്ഥാനമൊഴിഞ്ഞ ശേഷം ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മുസ് ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ കടുത്ത വര്‍ഗീയപരാമര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ, കേരളത്തില്‍ ഹിന്ദു കുട്ടികള്‍ കുറഞ്ഞുവരികയാണെന്നും മുസ് ലിം, ക്രിസ്ത്യന്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും പറഞ്ഞത് വിവാദമായിരുന്നു.




Next Story

RELATED STORIES

Share it