Sub Lead

മൈസൂരു കൂട്ടബലാല്‍സംഗക്കേസ്: അറസ്റ്റിലായവര്‍ തമിഴ്‌നാട് സ്വദേശികള്‍,സ്ഥിരം കുറ്റവാളികളെന്ന് പോലിസ്

അറസ്റ്റിലായവര്‍ ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്.

മൈസൂരു കൂട്ടബലാല്‍സംഗക്കേസ്: അറസ്റ്റിലായവര്‍ തമിഴ്‌നാട് സ്വദേശികള്‍,സ്ഥിരം കുറ്റവാളികളെന്ന് പോലിസ്
X

മൈസൂരു: എംബിഎ വിദ്യാര്‍ഥിനിയായ 22കാരിയെ മൈസൂരുവില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ അഞ്ചു പേരും തമിഴ്‌നാട് സ്വദേശികളെന്ന് കര്‍ണാടക ഡിജിപി. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളെകൂടി പിടികൂടാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായവര്‍ ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളില്‍ സ്ഥിരം കുറ്റവാളികളാണെന്നും പോലിസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്. ഒരാള്‍ക്ക് 17 വയസാണ്.

സംഘം സ്ഥിരമായി മൈസൂരു സന്ദര്‍ശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാമുണ്ഡി കുന്നിന് സമീപം ലളിതാദ്രി നഗറില്‍ ഇവര്‍ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോള്‍ ഇവരെല്ലാവരും മദ്യ ലഹരിയിലായിരുന്നു.

രണ്ടുപേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ആണ്‍ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തിയശേഷം ഇവരെ വിടുന്നതിന് മൂന്ന് ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി.

മൂന്നു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച വൈകീട്ടോടെ വിദ്യാര്‍ഥിനി ആശുപത്രി വിട്ടു. അവര്‍ സ്വദേശമായ മുംബൈയിലേക്ക് മടങ്ങിയെന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹപാഠി ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു. നേരത്തെ മലയാളികളായ എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ കേസില്‍ പോലിസ് സംശയിച്ചിരുന്നു. ഇവര്‍ കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടര്‍ന്ന് പോലിസ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും എത്തി പരിശോധന നടത്തിയിരുന്നു. സംഭവം നടന്ന മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികള്‍ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എംബിഎ വിദ്യാര്‍ഥിനിയായ 22 വയസ്സുകാരിയെ സംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവ് പോലിസിനോട് പറഞ്ഞിരുന്നു. ക്ലാസ് കഴിഞ്ഞശേഷം രാത്രി 7.30 ഓടെയാണ് ബൈക്കില്‍ പോയത്. തുടര്‍ന്ന് ബൈക്കില്‍നിന്നിറങ്ങി നടക്കുന്നതിനിടെയാണ് ആറംഗസംഘം ആക്രമിച്ചത്.

അബോധാവസ്ഥയിലാകുന്നതുവരെ പാറക്കല്ല് കൊണ്ട് യുവാവിന്റെ തലക്കടിച്ചു. ബോധം വന്നപ്പോള്‍ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കുറ്റിക്കാട്ടില്‍നിന്ന് അവളെ വലിച്ചിഴച്ച് കൊണ്ടിട്ടെന്നും ശരീരം മുഴുവന്‍ മുറിവേറ്റ അവസ്ഥയിലായിരുന്നുവെന്നുമാണ് യുവാവിന്റെ മൊഴി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം യുവാവിന്റെ ഫോണില്‍നിന്നും പിതാവിനെ വിളിച്ച് പ്രതികള്‍ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. എഡിജിപി സി എച്ച്. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവ സ്ഥലത്തുനിന്നും ഡിഎന്‍എ സാംപിളും ശേഖരിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദേശ പ്രകാരം ഡിജിപി പ്രവീണ്‍ സൂദാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

Next Story

RELATED STORIES

Share it