Sub Lead

മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തരിച്ചു

മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തരിച്ചു
X

കൊല്ലം: പ്രഗത്ഭ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ദീര്‍ഘകാലം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ആയിരുന്ന മൈലാപ്പൂര് ഷൗക്കത്തലി മൗലവി അന്തരിച്ചു. 1934 ഏപ്രില്‍ 22ന് കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ മൈലാപ്പൂര് പ്രദേശത്തിലെ വലിയവീട്ടില്‍ കുടുംബത്തിലാണ് ഷൗക്കത്തലി മൗലവി ജനിച്ചത്. വലിയ വീട്ടില്‍ സുലൈമാന്‍ കുഞ്ഞും വേലിശേരി ബംഗ്ലാവില്‍ സൈനബയുമ്മയുമാണ് മാതാപിതാക്കള്‍.

മാതാപിതാക്കളില്‍ നിന്ന് തന്നെ പ്രാഥമിക അറിവുകള്‍ പഠിച്ച അദ്ദേഹത്തിന്റെ ആദ്യ ഗുരുനാഥന്‍ മര്‍ഹൂം കോയാക്കുട്ടി മുസ്ലിയാരാണ്. കോയക്കുട്ടി ഉസ്താദിന്റ കീഴില്‍ ഖുര്‍ആന്‍ പഠിച്ച ശേഷം തട്ടാമല സ്‌കൂളില്‍ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടി കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബിക് കോളജില്‍ മതപഠനം ആരംഭിച്ചു. മര്‍ഹൂം വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, മര്‍ഹൂം കിടങ്ങയം ഇബ്രാഹിം മൗലവി (നവ്വറല്ലാഹു മര്‍ഖദഹും) തുടങ്ങിയവരാണ് പ്രധാന ഗുരുനാഥന്മാര്‍.

കൊല്ലൂര്‍വിളയില്‍ പഠിക്കുന്ന കാലത്ത് തന്നെ കൊല്ലം എസ്എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റ് പ്രവേശനം നേടിയിരുന്നു. ഹൈസ്‌കൂള്‍ പഠനം സ്വപ്രയത്‌നത്താല്‍ കരസ്ഥമാക്കിയിട്ടാണ് ഉസ്താദ് എസ്എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റ് അഡ്മിഷന്‍ നേടിയത്.

ഒരേസമയം കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂമില്‍ നിന്ന് ഉസ്താദ് മതപഠനവും എസ്എന്‍ കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും പിന്നീട് ബിഎസ്‌സിയില്‍ ബിരുദവും നേടിയെടുത്തു. ബിഎസ്‌സി പരീക്ഷ എഴുതുന്നതിനും മുമ്പേ പിഎസ്‌സി സെലക്ഷന്‍ മുഖേന ഗവണ്മെന്റ് അദ്ധ്യാപകനായ ഉസ്താദ് പിന്നീടാണ് ബിഎസ്‌സി പരീക്ഷ പാസാകുന്നതും പത്തനാപുരം മൌണ്ട് ടാബോര്‍ ട്രെയിനിങ് അക്കാദമിയില്‍ നിന്ന് ബിഎഡ് പാസാകുന്നതും. തലക്കെട്ടോടെ അദ്ധ്യാപക വൃത്തിയില്‍ തുടര്‍ന്ന അദ്ദേഹം ഇംഗ്ലീഷും ഗണിതവും കുട്ടികള്‍ക്ക് പറഞ്ഞ് കൊടുത്തു. ആദ്യം വയനാടും പിന്നീട് കൊല്ലം ജില്ലയിലെ പല സ്‌കൂളുകളിലും അദ്ധ്യാപകനായി തുടര്‍ന്ന മൗലവി അവസാനം അദ്ദേഹം പഠിച്ച തട്ടാമല സ്‌കൂളില്‍ നിന്നും അദ്ധ്യാപകനായി വിരമിച്ചു.

മദ്‌റസ പഠനകാലത്ത് തന്നെ പ്രസിദ്ധീകരിച്ച ''കഅ്ബാലയ നവീകരണം - മാപ്പിളപ്പാട്ട് '' ആണ് ഉസ്താദിന്റെ ആദ്യ കൃതി. ഇതിനോട് ചേര്‍ന്ന് തന്നെ എഴുതപ്പെട്ട മറ്റൊരു കൃതിയാണ് കിതാബ് സൗമിന്റെ മലയാള പരിഭാഷ. ഫാതിഹയുടെ വ്യാഖ്യാനം, മതവും യുക്തിവാദികളും, മുഹമ്മദന്‍ ലോ സമ്പൂര്‍ണ്ണ അവലോകനം, തുടങ്ങി നിരവധി ഗ്രന്ഥങ്ങളും ആയിരത്തിലേറെ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി തലത്തിലുള്ള റഫറന്‍സ് ഗൈ്വഡന്‍സുകളാണ് ഗ്രന്ഥങ്ങളില്‍ പകുതിയിലേറെയും എന്നുള്ളതാണ് ഉസ്താദിന്റെ എഴുത്തിന്റെ മൂല്യത്തെ ഉയര്‍ത്തി കാട്ടുന്നത്.

മിശ്കാത്തുല്‍ മസാബീഹ് പരിഭാഷയും- വ്യാഖാനവും, ഘൂലാസത്തുല്‍ ഹിസാബ് (ഗണിത ശാസ്ത്രത്തിന്റെ അടിത്തറ) ഇസ്‌ലാമിക ദായക്രമം, ശിഫാഉല്‍ അസ്ഖാം, തുടങ്ങിയ കൃതികള്‍ മേല്‍പറയപ്പെട്ട വിഭാഗത്തില്‍ പ്രഥമ നിരയില്‍ നില്‍ക്കുന്നു.

സൂറത്തുല്‍ കഹ്ഫിനെ വിശദീകരിച്ച് എഴുതിയ ''ഒരു ഗുഹയില്‍ മുന്നൂറ് വര്‍ഷം '' വായനലോകം ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചെറുകഥയാണ്. മദ്‌റസ അധ്യാപന രീതി എന്ന ഗ്രന്ഥം മലയാളത്തിലേ ആദ്യത്തെ മദ്‌റസ അദ്ധ്യാപന സഹായിയാണ്. ദക്ഷിണക്ക് വേണ്ടി ജാമിഅഃ മന്നാനിയ്യയുടെ സ്ഥാപക സെക്രട്ടറിയായി ചുമതലയേറ്റ ഷൗക്കത്തലി ഉസ്താദ് പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായും അന്നസീം ചീഫ് എഡിറ്റര്‍ ആയും തുടര്‍ന്ന് ദക്ഷിണയുടെ സംസ്ഥാന ട്രഷറര്‍ ആയും വിവിധ കാലങ്ങളില്‍ നേതൃത്വം നല്‍കി.

മൈലാപ്പൂര് ഷൗക്കത്തലി മൗലവിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അഗാധമായ ദു:ഖം രേഖപ്പെടുത്തി. നിരവധി കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ മൊഴിമാറ്റം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ വിജ്ഞാന ലോകം എക്കാലത്തും തലമുറകള്‍ക്ക് വെളിച്ചം വീശുന്നതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വ്യസനിക്കുന്ന പണ്ഡിത ലോകം, ശിഷ്യന്മാര്‍, ഉറ്റവര്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളികളാകുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it