Sub Lead

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജാപ്പനീസ് ഡോക്യുമെന്ററി സംവിധായകന് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് മ്യാന്‍മര്‍

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജാപ്പനീസ് ഡോക്യുമെന്ററി സംവിധായകന് 10 വര്‍ഷം തടവുശിക്ഷ വിധിച്ച് മ്യാന്‍മര്‍
X

ടോക്കിയോ: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജാപ്പനീസ് ഡോക്യുമെന്ററി സംവിധായകന് മ്യാന്‍മര്‍ സൈനിക കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. ജപ്പാനിലെ യോകൊഹോമ സ്വദേശിയായ ഡോക്യുമെന്ററി സംവിധായകന്‍ ടോരു കുബോട്ട (26) 2022 ജൂലൈ 30ന് മ്യാന്‍മറിലെ പ്രധാന നഗരമായ യാംഗൂണിലെ പ്രതിഷേധ പരിപാടിക്കിടെയാണ് അറസ്റ്റിലായത്. കുബോട്ട രാജ്യത്തെ വിവരസാങ്കേതിക നിയമങ്ങള്‍ ലംഘിച്ചെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നുമാരോപിച്ചാണ് മ്യാന്‍മര്‍ സൈനിക കോടതിയുടെ നടപടിയെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വിസാ നിയമങ്ങള്‍ ലംഘിച്ച് വിദേശ പൗരന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനും ഭരിക്കുന്ന സൈന്യത്തിനെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചതിനും ഇദ്ദേഹത്തിനെതിരേ കുറ്റം ചുമത്തിയതായും റിപോര്‍ട്ടുകളുണ്ട്. ഇമിഗ്രേഷന്‍ നിയന്ത്രണ നിയമം ലംഘിച്ചതെന്ന കേസിലെ കുബോട്ടയുടെ വാദം ഒക്ടോബര്‍ 12ന് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപോര്‍ട്ടുകളുണ്ട്. കുബോട്ടയെ രാജ്യദ്രോഹക്കുറ്റത്തിന് മൂന്ന് വര്‍ഷവും ടെലികമ്മ്യൂണിക്കേഷന്‍ സംബന്ധിച്ച നിയമം ലംഘിച്ചതിന് ഏഴ് വര്‍ഷവും തടവിന് ശിക്ഷിച്ചതായി അഭിഭാഷകനെ ഉദ്ധരിച്ച് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുബോട്ടയുടെ മോചനം വേഗത്തിലാക്കുന്നതിന് തങ്ങള്‍ മ്യാന്‍മര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അത് തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അഭിപ്രായം തേടി മ്യാന്‍മര്‍ സൈനിക വക്താവിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി കുബോട്ടയുടെ സുഹൃത്തുക്കള്‍ ജപ്പാനില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, മ്യാന്‍മറിലെ കോടതികള്‍ സ്വതന്ത്രമാണെന്നും അറസ്റ്റിലായവര്‍ക്ക് നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കുമെന്നും സൈനിക ഭരണകൂടം പ്രതികരിച്ചു.

ലണ്ടന്‍ യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥിയായ കുബോട്ട റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതത്തെ ആസ്പദമാക്കി എംപതി ട്രിപ്പ് എന്ന ഡോക്യുമെന്ററി കുബോട്ട നിര്‍മിച്ചിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പത്രപ്രവര്‍ത്തകര്‍, വിദേശികള്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളെ മ്യാന്‍മര്‍ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാപ്പനീസ് ഫ്രീലാന്‍സ് ജേണലിസ്റ്റിനെ കഴിഞ്ഞ വര്‍ഷം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സൈനിക ഭരണകൂടം അദ്ദേഹത്തെ മോചിപ്പിച്ചു.

Next Story

RELATED STORIES

Share it