Sub Lead

മല്‍സരിക്കാനില്ലെന്ന് ഫാറൂഖ് അബ്ദുല്ലയും; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍

മല്‍സരിക്കാനില്ലെന്ന് ഫാറൂഖ് അബ്ദുല്ലയും; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍
X

ന്യൂഡല്‍ഹി: മല്‍സരിക്കാനില്ലെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയും വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായി. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി അബ്ദുല്ലയെ പരിഗണിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പിന്‍മാറുകയാണെന്ന് അദ്ദേഹം അറിയിച്ചത്. ജമ്മു കശ്മീര്‍ ഏറ്റവും ദുര്‍ഘടമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. ഈ സമയത്ത് ജമ്മു കശ്മീരില്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നുമാണ് അബ്ദുല്ല അറിയിച്ചത്. ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ കൂടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തീരുമാനത്തെക്കുറിച്ച് മുതിര്‍ന്നവരോടും സഹപ്രവര്‍ത്തകരോടും ചര്‍ച്ച ചെയ്തു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഫിസില്‍ ഇരിക്കുക എന്നത് വളരെ അഭിമാനമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് തന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് അബ്ദുല്ല പ്രസ്താവനയില്‍ അറിയിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തന്റെ പേര് പരിഗണിച്ചതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് നന്ദിയുണ്ട്. തന്നെ പിന്തുണയ്ക്കുന്ന മറ്റു നേതാക്കളോടും ആദരവുണ്ട്. ബഹുമാനപുരസ്സരം ഇത്തരമൊരാവശ്യം താന്‍ നിരസിക്കുന്നതായും ഫാറൂഖ് അബ്ദുല്ല വ്യക്തമാക്കി.

ഫാറുഖ് അബ്ദുല്ലയുടെയും ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെയും പേരുകളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്. മമതാ ബാനര്‍ജിയാണ് അബ്ദുല്ലയുടെ പേര് മുന്നോട്ടുവച്ചത്. ഇനി പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ പരിഗണിക്കുമ്പോള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ് പ്രതിപക്ഷത്തിന് മുന്നിലുള്ളത്. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥിയായി എന്‍സിപി ദേശീയ അധ്യക്ഷനായ ശരദ് പവാറിനെയാണ് ആദ്യം പരിഗണിച്ചത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പവാറിന് പിന്തുണ നല്‍കി രംഗത്തുവന്നെങ്കിലും സ്ഥാനാര്‍ഥിയാവാനില്ലെന്ന് പവാര്‍ നിലപാടെടുത്തു. പവാര്‍ പിന്‍മാറിയതിന് ശേഷം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ മമത വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍നിന്ന് ആം ആദ്മിയും തെലങ്കാന രാഷ്ട്രീയ സമിതിയും ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികള്‍ വിട്ടുനിന്നിരുന്നു. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Next Story

RELATED STORIES

Share it