Sub Lead

ഇമാമിനെ മര്‍ദ്ദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ച സംഭവം: 12 പേര്‍ക്കെതിരേ കേസ്

ജയ്ശ്രീ റാം വിളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനു ഉന്നാവോ ജില്ലയിലെ മദ് റസാ വിദ്യാര്‍ഥികളെ ഹിന്ദുത്വര്‍ ആക്രമിച്ചതിനു പിന്നാലെയാണ് ഇമാമിനെതിരേയും ആക്രമണമുണ്ടായത്

ഇമാമിനെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവം: 12 പേര്‍ക്കെതിരേ കേസ്
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഇമാമിനെ മര്‍ദ്ദിക്കുകയും താടി പിടിച്ചുവലിച്ച് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 12 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇമാമിന്റെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും 12 യുവാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലിസ് സൂപ്രണ്ട് ശേലേഷ് കുമാര്‍ പിടിഐയോട് പറഞ്ഞു. മുസഫര്‍നഗറിലെ വീട്ടിലേക്കു മോട്ടോര്‍ സൈക്കിളില്‍ പോവുന്നതിനിടെയാണ് ഇമാം ഇംലാഖുര്‍റഹ്മാനെ ഒരു ഡസനോളം യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. താടിയിലും മറ്റും പിടിച്ചുവലിക്കുകയും ജയ്ശ്രീറാം എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മാത്രമല്ല, താടി വടിച്ചാലേ ഗാമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും ഭീഷണിപ്പെടുത്തി. ആക്രമണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു. നേരത്തെയും ഇമാം സമാനരീതിയിലുള്ള പരാതി നല്‍കിയിരുന്നു. ജയ്ശ്രീ റാം വിളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതിനു ഉന്നാവോ ജില്ലയിലെ മദ് റസാ വിദ്യാര്‍ഥികളെ ഹിന്ദുത്വര്‍ ആക്രമിച്ചതിനു പിന്നാലെയാണ് ഇമാമിനെതിരേയും ആക്രമണമുണ്ടായത്. വ്യാഴാഴ്ചയാണ് ദാറുല്‍ ഉലൂം ഫായിസെ ആം മദ്‌റസയിലെ നാലു വിദ്യാര്‍ഥികളെ ജയ്ശ്രീ റാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മദ് റസ പ്രിന്‍സിപ്പല്‍ നിസാര്‍ അഹ് മദ് മിസ്‌വാഹി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ ക്രാന്തി സിങ്, ആദിത്യ ശുക്ല, കമല്‍, തിരിച്ചറിയാനാവാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രതികളായ രണ്ടുപേരെ കോട്വാളി പോലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ വെള്ളിയാഴ്ച രാവിലെ ഹിന്ദുത്വ സംഘടനകളായ യുവമോര്‍ച്ച, ബജ്‌റംഗ്ദള്‍, വിഎച്ച്പി തുടങ്ങിയ സംഘടനകള്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു.




Next Story

RELATED STORIES

Share it