Sub Lead

ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്ന എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവിട്ടു

ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്ന എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവിട്ടു
X

വാഷിങ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലൈംഗികാതിക്രമം നടത്തിയെന്ന എപ്സ്റ്റീന്‍ ഫയല്‍സ് രേഖകള്‍ പുറത്തുവിട്ട് നീതിന്യായ വകുപ്പ്. തനിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടുന്ന രേഖകളാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്ന് 47,635 ഫയലുകള്‍ പിന്‍വലിച്ചിരുന്നുവെന്ന് നീതിന്യായ വകുപ്പ് സമ്മതിച്ചിരുന്നു. യുഎസ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരം ഇവ ഉള്‍പ്പെടെയാണ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എപ്സ്റ്റീന്‍ കേസില്‍ അതിജീവിതയായ ഒരു സ്ത്രീ 2019ല്‍ എഫ്ബിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം പറയുന്നത്. 1980കളുടെ മധ്യത്തില്‍ എപ്സ്റ്റീനാണ് ട്രംപിനെ പരിചയപ്പെടുത്തിയത്. അന്ന് 15ല്‍ താഴെയായിരുന്നു പ്രായം. ട്രംപ് തന്നെ ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചെന്നും താന്‍ വിസമ്മതിക്കുകയും ട്രംപിനെ കടിക്കുകയും ചെയ്തെന്നും ഇവര്‍ പറയുന്നു. നാല് തവണ ഈ സ്ത്രീയുമായി എഫ്ബിഐ അഭിമുഖം നടത്തിയിട്ടുണ്ട്. പിന്നീട് ഇവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് രേഖകള്‍ പറയുന്നത്.

നേരത്തെ പുറത്തുവിട്ട ഫയലുകളില്‍ ഈ രേഖ ഉണ്ടായിരുന്നില്ല. അബദ്ധത്തിലാണ് നേരത്തെ പുറത്തുവിട്ട ഫയലുകളില്‍ നിന്ന് ഇവ ഒഴിവാക്കപ്പെട്ടത് എന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം. ട്രംപിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയുമായി എഫ്ബിഐ നടത്തിയ നാല് അഭിമുഖങ്ങളില്‍ മൂന്നെണ്ണത്തിന്റെ വിവരം എപ്സ്റ്റീന്‍ ഫയല്‍സ് ഡാറ്റാബേസില്‍ നിന്ന് കാണാതായതായി എന്‍പിആര്‍, ദി ന്യൂയോര്‍ക്ക് ടൈംസ് എന്നിവയുള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ, ട്രംപിനെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ സ്ത്രീയെ ലൈംഗിക കുറ്റവാളി എന്ന് തെറ്റായി അടയാളപ്പെടുത്തിയിരുന്നതിനാലാണ് മുന്‍പ് രേഖകള്‍ പരസ്യപ്പെടുത്താതിരുന്നതെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വിശദീകരിക്കുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണ് രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.

എപ്സ്റ്റീന്‍ ഫയല്‍സ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യുഎസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചിരിക്കുകയാണ്. എപ്സ്റ്റീന്‍ കേസിലെ സുപ്രധാന തെളിവുകള്‍ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാര്‍ലമെന്റിന്റെ നീക്കം. പാം ബോണ്ടി ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരാകണം.

Next Story

RELATED STORIES

Share it