Sub Lead

'വര്‍ഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാവണം'; യുപി സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

വര്‍ഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാവണം; യുപി സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: യുപിയില്‍ മുസ് ലിം വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു വയസ്സുള്ള ഒരു കുഞ്ഞിനെ അവന്റെ മതം മുന്‍നിര്‍ത്തി ശിക്ഷിക്കാന്‍ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് നടപ്പാക്കിക്കാനും ഒരു അധ്യാപികയ്ക്ക് സാധിക്കണമെങ്കില്‍ വര്‍ഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാവണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയും ഫാഷിസവും മനുഷ്യനില്‍ നിന്നും സഹാനുഭൂതിയുടെയും സ്‌നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്ന വാര്‍ത്തയാണ് ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നു വന്നിരിക്കുന്നത്. കലാപങ്ങളിലൂടെ സംഘപരിവാര്‍ ആഴത്തില്‍ പരിക്കേല്‍പ്പിച്ച മുസഫര്‍നഗറിലുണ്ടായ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. ജനാധിപത്യത്തിന്റെ മഹത്തായ മാതൃകയില്‍ നിന്നു വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വര്‍ഗീയത ശ്രമിക്കുന്നത്. ഹരിയാനയില്‍ നിന്നും മണിപ്പൂരില്‍ നിന്നും യുപിയില്‍ നിന്നുമെല്ലാം വരുന്ന വാര്‍ത്തകള്‍ അതിനെ സാധൂകരിക്കുന്നു. ന്യൂനപക്ഷങ്ങളേയും ദലിത് ജനവിഭാഗങ്ങളെയും അമാനവീകരിച്ച് മൃഗങ്ങളേക്കാള്‍ മോശമായ സാമൂഹികപദവിയില്‍ ഒതുക്കുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അവരുടെ അപകടകരമായ വര്‍ഗീയ പ്രചാരണത്തിനു ഒരു വ്യക്തിയെ എത്രത്തോളം പൈശാചികവല്‍ക്കരിക്കാന്‍ പറ്റുമെന്ന് ഈ പുതിയ വാര്‍ത്ത ഒന്നുകൂടി അടിവരയിടുന്നു. മനുഷ്യന് അധ:പ്പതിക്കാവുന്ന ഏറ്റവും മോശം മാനസികാവസ്ഥയാണ് വര്‍ഗീയതയെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരേ കൂടുതല്‍ കരുത്തുറ്റ പ്രതിരോധം ഉയര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട് എന്ന താക്കീത് കൂടിയായി ഈ സംഭവം മാറിയിരിക്കുന്നു. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കൈകോര്‍ക്കണം. കരുത്തുറ്റ പ്രതിരോധം തീര്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.


Next Story

RELATED STORIES

Share it